സ്വന്തം ലേഖകൻ
ഇരിട്ടി: സെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങിയ ഫാ. എബിൻ മടപ്പാംതോട്ട്കുന്നേൽ ടിവി സ്ക്രീനിലെ കോമഡി വേദികളിലും താരമായി മാറിയിരിക്കുകയാണ്.
മിമിക്രി, പാട്ട്, ഡാൻസ്..അങ്ങനെ സർവകലാ വല്ലഭനായാണ് കോമഡി വേദിയിൽ ഈ കൊച്ചച്ചൻ തിളങ്ങുന്നത്.
സിനിമാ താരങ്ങളായ മധുവിനെയും ജനാർദനനെയും വേദിയിൽ അച്ചൻ അവതരിപ്പിക്കുന്പോൾ നിറഞ്ഞ കൈയടികളാണ് ഉയരുന്നത്.
മാലോം ആനമഞ്ഞൾ ഇടവകയിലെ മടപ്പാംതോട്ടുകുന്നേൽ ആന്റണി-ജെസി ദമ്പതികളുടെ മൂത്ത മകനായ എബിൻ 2011 ലാണ് തലശേരി അതിരൂപതയുടെ കീഴിലുള്ള സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്.
2022 ജനുവരിയിലായിരുന്നു വൈദികപട്ടം സ്വീകരണം. ആദ്യം മേരിഗിരി ഇടവകയിൽ സഹവൈദികനായി നിയമിതനായ എബിനച്ചൻ ഇപ്പോൾ ഇരിട്ടി വെളിമാനം ഇടവകയിലെ അസി.വികാരിയാണ്.
സെമിനാരി പഠനകാലയളവിലെ മത്സരവേദികളിലായിരുന്നു മിമിക്രി അവതരിപ്പിച്ച് തുടങ്ങിയത്.ആദ്യം അനുകരിച്ചുതുടങ്ങിയത് അന്നത്തെ റെക്ടർ അച്ചനായിരുന്ന ഫാ. സ്റ്റീഫൻ കുളങ്ങരമുറിയെ ആണ്.
കോട്ടയത്ത് തിയോളജി പഠിക്കുന്ന സമയത്ത് ഫുട്ബോൾ കളിക്കിടയിൽ ഒരപകടം സംഭവിക്കുകയും കുറച്ചുനാൾ വീൽച്ചെയറിൽ കഴിയുകയും ചെയ്തു.
ഇക്കാലയളവിൽ വീൽചെയറിൽ ഇരുന്നായിരുന്നു അനുകരണം. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവരെ അവരുടെ മുന്നിൽവച്ച് തന്നെ എബിനച്ചൻ അനുകരിച്ചിട്ടുണ്ട്.
ഫ്ലവേഴ്സ് ചാനലിന്റെ കോമഡി ഉത്സവത്തിലേക്ക് എത്തിയത് അച്ചന്റെ ബന്ധുകൂടിയായ ജോബിഷിന്റെ നിരന്തരമായ പ്രേരണ കൊണ്ടാണ്.
ആദ്യം വികാരിയച്ചനും പിന്നീട് ആർച്ച്ബിഷപ്പും സമ്മതിച്ചതോടെ പകുതി കടമ്പ കടന്നു. എങ്കിലും ഒരു മടി. ഒന്ന്, രണ്ട് തവണ തീയതി മാറ്റി.
ഒടുവിൽ രക്ഷയില്ലാതെ ഫ്ലവേഴ്സിൽ എത്തി. കോമഡി ഉത്സവ മത്സര വേദിയിൽ ഉണ്ടായിരുന്ന ഒരു കുട്ടി തന്റെ അടുത്ത് പ്രാർഥിക്കാൻ എത്തിയപ്പോൾ വൈദികൻ എന്നൊരു പദവിക്ക് ലഭിക്കുന്ന ബഹുമാനം ആസ്വദിക്കാൻ കഴിഞ്ഞതായി ഫാ. എബിൻ പറഞ്ഞു.