കോഴിക്കോട്: പൗരോഹിത്യം മാനവ സേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ജോജോ മണിമല എന്ന 36കാരനായ കപ്പൂച്ചിൻ സഭാംഗം.
ഇദ്ദേഹം വൃക്ക ദാനം ചെയ്യുന്നതോടെ ഇരുളടഞ്ഞ രണ്ടു ജീവനുകളാണ് തളിരിടുക. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാൾക്കാണ്. എന്നാൽ അച്ചന്റെ വൃക്കദാനം രണ്ടുപേർക്കാണ് ജീവനേകുന്നത്.
പാലക്കാട് സ്വദേശിക്കാണ് അച്ചൻ വൃക്ക നൽകുന്നത്. ഇതിനു പകരമായി അദ്ദേഹത്തിന്റെ ഭാര്യ താമരശേരി തെയ്യപ്പാറയിലെ ഇരുപത്തിനാലുകാരന് തന്റെ വൃക്ക നൽകി നന്മയുടെ സ്നേഹച്ചങ്ങലയൊരുക്കും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നാണ് വൃക്കദാനം. നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കണ്ണൂർ പാവനാത്മ പ്രോവിൻസിലെ (കപ്പൂച്ചിൻ) ഫാ. ജോജോ മണിമല അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥിയാണ്. ജീസസ് യൂത്തിന്റെ മുൻനിര പ്രവർത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
നിലമ്പൂർ പാലേമാട് സെന്റ് തോമസ് ഇടവക മണിമല തോമസിന്റെയും മേഴ്സിയുടെയും മകനാണ്. ഏഴുവർഷം മുമ്പാണ് പൗരോഹിത്യം സ്വീകരിച്ചത്.
ജോയ്സി കൊല്ലറേട്ട് (അധ്യാപിക,സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാപുരം), സിസ്റ്റർ ടെസിൻ എഫ്സിസി, ജിജോ(സൗദി അറേബ്യ) എന്നിവർ സഹോദരങ്ങളാണ്.