വെള്ളാരംകുന്ന്: കുടുംബം സ്വർഗമാക്കാൻ രണ്ടു വഴികളും നരകമാക്കാൻ എട്ടു വഴികളുമുണ്ടെന്ന് പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കപ്പൂച്ചിൻ. വെള്ളാരംകുന്ന് സെന്റ് മേരീസ് സ്കൂളിൽ വെള്ളാരംകുന്ന് ലയണ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണപരന്പരയിൽ കുടുംബജീവിതവും നവമാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു ഫാ. പുത്തൻപുരയ്ക്കൽ.
കുടുംബാന്തരീക്ഷത്തിൽ നിരാശ, അതൃപ്തി എന്നിവയുണ്ടായാൽ നരകം സൃഷ്ടിക്കപ്പെടും. കുടുംബം മദ്യഷാപ്പ്, കശാപ്പുകട, സിനിമാശാല, ബ്യൂട്ടി പാർലർ, സെമിത്തേരി, അനാഥാലയം, ചന്ത എന്നിവയാക്കി മാറ്റരുത്. ശരിയായ കുടുംബം ദേവാലയവും വിവേകം നിറഞ്ഞതുമായിരിക്കും. കുടുംബങ്ങളിലെ മദ്യപാനം, ഭ്രൂണഹത്യ, സീരിയൽ ഭ്രമം, മാധ്യമങ്ങളിലെ പരസ്യത്തിന്റെ പിന്നാലെയുള്ള പരക്കംപാച്ചിൽ, ആശയ വിനിമയ രാഹിത്യം, ക്ഷിപ്രകോപം, അന്യതാബോധം, മാന്യതയില്ലാത്ത സംഭാഷണം എന്നിവയെല്ലാം കുടുംബത്തെ ശിഥിലമാക്കുന്നവയാണ്.
വീട് സർവകലാശാലയും രക്ഷിതാക്കൾ അധ്യാപകരും മക്കൾ വിദ്യാർഥികളുമായ കുടുംബാന്തരീക്ഷമാണ് കുടുംബത്തെ ഐശ്വര്യപൂർണമാക്കുന്നത്.
കുടുംബത്തിൽ മാതാപിതാക്കൾ വിവേകത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്താൽ കുടുംബം സ്വർഗമാകും. കുടുംബത്തിൽ വിജ്ഞാനവും വിശുദ്ധിയും വളരണം. പരസ്പരമുള്ള വിശ്വസ്തതയും സ്നേഹവും ബഹുമാനവും കരുതലുമാണ് കുടുംബത്തെ ഇന്പമുള്ളതാക്കുന്നത്.
അവനവന്റെ പാരന്പര്യത്തിലും വിശ്വാസത്തിലും വളരുവാനും വളർത്തുവാനും കുടുംബത്തിന്റെ നാഥനും നാഥയും തയാറാകണം. മാധ്യമങ്ങളിൽ കാണുന്നതെല്ലാം സത്യമാണെന്നും ശരിയാണെന്നും ധരിച്ചുവശായിരിക്കുന്നവരാണ് കുടുംബം കലുഷിതമാക്കുന്നത്. അവിശ്വാസവും അവിശുദ്ധ ബന്ധങ്ങളും തെറ്റായ സന്ദേശങ്ങൾ അടങ്ങിയ സീരിയലുകളും പരസ്യങ്ങളും കുടുംബത്തെ സ്വാധീനിക്കാൻ ഇടയാക്കരുത്.
മൂന്നാംകിട പരസ്യം നോക്കാതെ ജീവിച്ചാൽ ആർത്തിയും ആസക്തിയും ദാരിദ്യ്രവും സൃഷ്ടിക്കുന്ന ’ഷോപ്പിംഗ് കോംപ്ലക്സ്’ ഇല്ലാതാകും. സ്മാർട്ട് ഫോണിലൂടെ അമേരിക്കയിലെ അമ്മായി ഉള്ളംകൈയിൽ തുള്ളുന്പോൾ അടുക്കളയിലെ അമ്മ അകലെയാവുകയാണെന്ന് ഓർക്കണം. വീടിനുള്ളിൽ സംഭാഷണവും സൗഹൃദവും പുലരാൻ അത്യാവശ്യ സമയത്തുമാത്രം ടിവി ഓണ്ചെയ്യണം.
വീടുകളിലെ വരാന്ത നഷ്ടമായതാണ് ഇന്നിന്റെ ദുഖം. വീട്ടിലുള്ളവരെല്ലാം വരാന്തയിൽ സമ്മേളിച്ചിരുന്ന നല്ലകാലം നഷ്ടമായതിന്റെ കെടുതികൾ പലവിധത്തിൽ ഇന്ന് അനുഭവിക്കുകയാണ്. വരാന്ത എന്ന് ഇംഗ്ലീഷിൽ എഴുതി വീടിനുമുന്നിൽ തൂക്കിയിരിക്കുന്നത് വരണ്ട എന്നു വായിച്ച് അയൽവാസികൾപോലും വീട്ടിൽ വരാത്ത സ്ഥിതിയാണിന്ന്.
സംസാരം വീടിനെ ജീവനുള്ളതാക്കും. സ്ത്രീകൾക്ക് പാത്രങ്ങളോടും ചൂലിനോടും വളർത്തുമൃഗങ്ങളോടും സ്വയം സംസാരിച്ചുകൊണ്ടിരിക്കാനുള്ള പ്രത്യേക സിദ്ധിയുണ്ട്. സ്ത്രീകൾ വർത്തമാനം പറഞ്ഞില്ലെങ്കിൽ കുടുംബം മോർച്ചറിപോലെയാകും. സ്ത്രീ ഉണ്ടായതിനുശേഷമാണ് വർത്തമാനം ഉണ്ടായത്. എന്നാൽ കുടുംബം നാരി ഭരിച്ചാൽ നരകമാകും.
കാർക്കശ്യ സ്വഭാവം, പിടിവാശി, മന്ദപ്രകൃതി, നിരാശ, സ്വന്തക്കാരുടെയും ബന്ധുക്കളുടെയും അമിത സ്വാധീനം എന്നിവയെല്ലാം കുടുംബങ്ങളെ നരകമാക്കും. ഭാര്യാഭർത്താക്ക·ാർ പരസ്പരം മനസിലാക്കി ആശയവിനിമയം നടത്തി ജീവിക്കുന്പോൾ മക്കളും ആവഴിയിൽ എത്തും. സന്തുഷ്ട കുടുംബജീവിതമാണ് സ്വർഗം… ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു.
നർമത്തിൽ കലർന്ന കഥകളും ഉപമകളും അലങ്കാരങ്ങളുംചേർത്ത് രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണം സ്കൂൾ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള ശ്രോതാക്കൾ പൊട്ടിച്ചിരിയോടും ഹർഷാരവത്തോടുമാണ് എതിരേറ്റത്.
പ്രഭാഷണ പരന്പര വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഏബ്രഹാം പാലക്കുഴിയിൽ ഉദ്ഘാടനംചെയ്തു. ലയണ്സ് ക്ലബ് പ്രസിഡന്റ് പ്രസാദ് മാണി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ജയിംസ് മണ്ഡപം, അസിസ്റ്റന്റ് വികാരി ഫാ. ജോബിൻ കുഴുപ്പിൽ, ക്ലബ് ഡയറക്ടർ കെ.പി. ബിനു എന്നിവർ പ്രസംഗിച്ചു. ഓഡിറ്റോറിയത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ് യൂണിറ്റ് പ്രസിഡന്റ് എം.ടി. വർഗീസ് ഫാ. ജോസഫ് പുത്തൻപുരയ്ക്കലിനെ ബൊക്കെ നൽകി സ്വീകരിച്ചു.