കൊച്ചി: നർമം കലർന്ന പ്രസംഗങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ ഏറെ സ്വീകാര്യത നേടിയ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ സിനിമയിൽ വേഷമിടുന്നു.
റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ ആദ്യമായി സംവിധാനം ചെയ്യുന്ന “കാറ്റിനരികെ’എന്ന സിനിമയിലാണ് ഫാ. പുത്തൻപുരയ്ക്കൽ അഭിനയിക്കുന്നത്. അശോകൻ, സിദ്ധാർഥ് ശിവ, സിനി ഏബ്രഹാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാഗമണിൽ പൂർത്തിയായി.
ഒരു കുടുംബം നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ ജോസഫച്ചന്റെ പ്രസംഗം കഥയിൽ വഴിത്തിരിവാകുന്നു. കപ്പൂച്ചിൻ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കഥ റോയ് കാരയ്ക്കാട്ട്, ഡോ. ആന്റണി എൽ. കപ്പൂച്ചിൻ എന്നിവരുടേതാണ്.
തിരക്കഥ, സംഭാഷണം എന്നിവ റോയി കാരയ്ക്കാട്ട്, സ്മിറിൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്നു നിർവഹിക്കുന്നു.
കാമറ -ഷിനൂബ് ടി. ചാക്കോ. വിശാൽ ജോണ്‍സന്റെ വരികൾക്ക് നോബിൾ പീറ്ററാണു സംഗീതം നൽകിയിരിക്കുന്നത്.