ജലന്ധര്‍: ജലന്ധര്‍ രൂപതാംഗമായ ഫാ. കുര്യാക്കോസ് കാട്ടുതറ (61) നിര്യാതനായി. ജലന്ധറില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ അദ്ദേഹം താമസിച്ചിരുന്ന ദസുവ സെന്‍റ് മേരീസ് പള്ളിയിലെ പള്ളിമേടയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയാണ്. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
ദസുവയ്ക്കടുത്ത് മുഖേരിയ സെന്‍റ് ജോസഫ് പള്ളിയിലെ വികാരി ഫാ. ലിബിന്‍ കോലഞ്ചേരി ദീപികയോടു പങ്കുവച്ച വിവരങ്ങള്‍:
ഞായറാഴ്ച പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചതു ഫാ. കാട്ടുതറയാണ്. വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷം കിടക്കാന്‍ പോയ അദ്ദേഹത്തെ രാവിലെ ഒൻപതായിട്ടും കാണാതിരുന്നതിനാല്‍ പാചകക്കാരും സമീപത്തെ കോണ്‍വന്‍റിലെ സന്യാസിനികളും ചേര്‍ന്ന് അന്വേഷിച്ചു. ജനല്‍ തള്ളിത്തുറന്നു നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്നതാണു കണ്ടത്. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
ഉടന്‍ സമീപത്തെ ഇടവകയായ സെന്‍റ് ജോസഫ് പള്ളിയിലെ വികാരിയായ തന്നെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തിയ ശേഷം വാതില്‍ തള്ളിത്തുറന്ന് ഫാ. കാട്ടുതറയെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
ഫാ. കുര്യാക്കോസ് കാട്ടുതറ പ്രവർത്തിക്കുന്ന ദസുവ സെന്‍റ് മേരീസ് പള്ളിയിൽ തിങ്കളാഴ്ചകളിൽ വൈകുന്നേരമാണു ദിവ്യബലി. ദിവ്യബലി രാവിലെ ഇല്ലാത്തപ്പോള്‍ വൈകി എഴുന്നേല്‍ക്കുന്നതാണു അദ്ദേഹത്തിന്‍റെ പതിവ്. അതുകൊണ്ടു പുലര്‍ച്ചെ ആരും അച്ചനെ അന്വേഷിച്ചിരുന്നില്ല.
മൃതദേഹം ദസുവ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും ഫാ. കുര്യാക്കോസ് കാട്ടുതറ ചികിത്സ നടത്തിവന്നിരുന്നു.
അതേസമയം ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകി.