തിങ്കളാഴ്ചയാണ് തൃശൂരിനടുത്തു വച്ച് ഫാ. റോബിനെ പോലീസ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ നീണ്ടുനോക്കിയിലെത്തിച്ചു തെളിവെടുത്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പേരാവൂർ സിഐ സുനിൽകുമാർ, കേളകം എസ്ഐ ടി.വി.പ്രജീഷ്, പേരാവൂർ എസ്ഐ പി.കെ.ദാസ്, പേരാവൂർ സർക്കിൾ ഓഫീസിലെ എസ്ഐ കെ.എ.ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്.
പോക്സോ കേസായതിനാൽ അടുത്ത റിമാൻഡ് തീയതിയിൽ തലശേരി എഡിസി( ഒന്ന് ) കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐയുടെയും എബിവിപിയുടെയും നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൊട്ടിയൂരിൽ പ്രകടനക്കാർ പ്രതി മാനേജരായിരുന്ന സ്കൂളിനു നേരെ കല്ലെറിഞ്ഞു. ഫാ. റോബിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു പി.കെ. ശ്രീമതി എംപി കണ്ണൂരിൽ ആവശ്യപ്പെട്ടു.
ഫാ. റോബിന് സഭയുടെ വിലക്ക്
വയനാട്: മാനന്തവാടി രൂപതയിലെ വൈദികൻ ഫാ. റോബിൻ വടക്കുംചേരിയെ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കുറ്റം ഇദ്ദേഹത്തിനെതിരേ ഉയർന്ന സാഹചര്യത്തിലാണ് രൂപതാകേന്ദ്രത്തിൽ വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം നടപടിയുണ്ടായത്. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ വികാരി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും വചനപ്രഘോഷണത്തിനും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ചു രൂപതാധ്യക്ഷന്റെ കല്പനകൾ കൊട്ടിയൂർ ഇടവകയിലും രൂപതയിലെ മുഴുവൻ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി.
സ്കൂൾ മാനേജർ പദവിയും അദ്ദേഹത്തിൽനിന്നു മാറ്റപ്പെട്ടു. ആരോപണവിധേയനായ വൈദികന്റെ പേരിൽ മാനന്തവാടി രൂപത സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് കാക്കനാട്ടുള്ള സീറോമലബാർ സഭാ കാര്യാലയത്തിലും സമർപ്പിച്ചു.
ലൈംഗിക പീഡനക്കേസുകളിൽ കത്തോലിക്കാസഭയുടേത് “സീറോ ടോളറൻസ്’ നിലപാടാണ്. ഫാ. റോബിനെതിരേ ഉയർന്ന പരാതിയെ രൂപത അതീവ ഗൗരവമായി കാണുകയും ആഗോളസഭയുടെയും അഖിലേന്ത്യാ മെത്രാൻ സമിതിയുടെയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പിന്റെയും വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുള്ള ഉത്തരവുകളുടെയും നിർദേശങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തെ സിവിൽ-ക്രിമിനൽ നിയമങ്ങളോട് എല്ലാവിധത്തിലും മാനന്തവാടി രൂപത സഹകരിക്കുംമെന്ന് രൂപത പത്രക്കുറിപ്പിൽ അറിയിച്ചു. ആരോപണത്തെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി കാനോൻ നിയമാനുസൃതം പ്രത്യേക കമ്മിറ്റിയെയും രൂപതാധ്യക്ഷൻ നിയമിച്ചു.