തലശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ മൂന്നുപേർ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തു. മൂന്നു മുതൽ അഞ്ചു വരെ പ്രതികളായ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ടെസി ജോസ്, ശിശുരോഗ വിദഗ്ധൻ ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി എന്നിവരാണ് അഡ്വ.വി. ജയകൃഷ്ണൻ മുഖാന്തിരം മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ മാധ്യമസൃഷ്ടിയും തീർത്തും അടിസ്ഥാനരഹിതവുമാണെന്നും സംഭവത്തിൽ തങ്ങളുടെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള ഗൂഢാലോചനയും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
പൂർണ ഗർഭിണിയായി എത്തിയ പെണ്‍കുട്ടിയെ പരിചരിച്ച് പ്രസവം സുരക്ഷിതമായി നടത്തുകയും അമ്മയേയും കുഞ്ഞിനേയും പൂർണ ആരോഗ്യത്തോടെ സംരക്ഷിക്കുകയുമാണ് ആശുപത്രി ചെയ്തിട്ടുള്ളത്. കൃത്യമായ വയസും പിതാവിന്റെ പേരുമുൾപ്പെടെ പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വയസ് സംബന്ധിച്ച രേഖകൾ ആവശ്യപ്പെടാനോ മറ്റ് രീതിയിൽ തെളിവു ശേഖരിക്കാനോ മുന്നിട്ടിറങ്ങുന്നത് മെഡിക്കൽ എത്തിക്സിനു വിരുദ്ധമാണ്. തങ്ങൾ നിയമാനുസരണം കടമ നിർവഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച ദിവസം മൂന്ന് സിസേറിയൻ ഉൾപ്പെടെ 10 പ്രസവ കേസുകളാണ് ഗൈനക്കോളജിസ്റ്റ് അറ്റൻഡ് ചെയ്തത്.
കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം മറച്ചുവച്ചുവെന്നാണ് തങ്ങൾക്കെതിരേ ചൂണ്ടിക്കാണിക്കുന്ന കുറ്റം. എന്നാൽ പേരാവൂരിലെ രശ്മി ആശുപത്രിയിൽ കാണിച്ച് വയറുവേദനയ്ക്ക് ഇൻജക്ഷൻ എടുത്ത ശേഷം വിദഗ്ധ ചികിത്സവേണമെന്ന നിർദേശത്തെ തുടർന്നാണു പെണ്‍കുട്ടി ക്രിസ്തുരാജ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്.
രശ്മി ആശുപത്രിയിലെ രേഖയിലും പതിനെട്ടു വയസാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ആർഎംഒ പെണ്‍കുട്ടിയെ പരിശോധിച്ച ശേഷം പ്രസവലക്ഷണങ്ങൾ കാണിച്ച പെണ്‍കുട്ടിയെ ഉടൻ ലേബർ റൂമിലെത്തിക്കുകയും ഗൈനക്കോളജിസ്റ്റ് കാണുകയും സുഖപ്രസവം നടക്കുകയുമായിരുന്നു. പെണ്‍കുട്ടി ആശുപത്രിയിലെത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ഇക്കാര്യങ്ങളൊക്കെ നടന്നത്. പ്രസവാനന്തരം ശിശുരോഗ വിദഗ്ധൻ എത്തി കുട്ടിയെ പരിശോധിക്കുകയും ചെയ്തു.
രശ്മി ആശുപത്രിയിലെ രേഖയിലും ക്രിസ്തുരാജയിൽ നൽകിയ വിവരത്തിലും പെണ്‍കുട്ടിക്ക് 18 വയസ് തന്നെയാണ് രേഖപ്പെടുത്തിയത്. മാത്രവുമല്ല നഗരസഭയിലെ ജനന രജിസ്ട്രേഷനുള്ള ഫോമിലും കുട്ടിക്ക് 18 വയസാണ് ചേർത്തത്. പിതാവിന്റെ പേരും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. പതിനെട്ട് വയസുള്ള ഒരു കുട്ടിക്ക് 19 വയസ് തുടങ്ങുന്നതുവരെ 18 വയസ് എന്ന് തന്നെയാണ് രേഖപ്പെടുത്തുകയെന്നും ഹർജിയിൽ പറയുന്നു.