എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്; ജീവന്‍ രക്ഷിക്കണം..! മോചനത്തിന് യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍; വീഡിയോ പുറത്ത്

fr-tom

കോട്ടയം: ജീവന്‍ രക്ഷിക്കണമെന്ന് യാചിച്ച് യമനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലില്‍. തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന അഞ്ചു മിനിറ്റോളമുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലില്‍ പറഞ്ഞു. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നു പറഞ്ഞ ടോം ഉഴുന്നാലില്‍ താന്‍ വളരെയേറെ ദു:ഖിതനും നിരാശനുമാണെന്നും പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയാണ് ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്തു വന്നത്. തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നു പറഞ്ഞ ടോം ഉഴുന്നാലില്‍, താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്ഥ നേരിടേണ്ടി വന്നതെന്നും പറഞ്ഞു. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും ടോം ഉഴുന്നാലില്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിനെ യമിനിലെ ഏദനില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. അതേസമയം, വീഡിയോ പഴയതാണോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

Related posts