കൽപ്പറ്റ: സ്വയം അഭ്യസിച്ച ചിത്രരചനാസങ്കേതങ്ങളുപയോഗിച്ച് ഫാ.വിമൽ കല്ലൂക്കാരൻ വരച്ച ജീവൻ തുടിക്കുന ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. പ്രകൃതിയാണ് ചിത്രരചനയിൽ മുപ്പത്തിമൂന്നുകാരനായ ഫാ.വിമലിന്റെ ഇഷ്ടവിഷയം.
പെൻസിൽഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം എന്നീ വിഭാഗങ്ങളിലായി ഇതിനകം അയ്യായിരത്തോളം രചനകൾ നടത്തിയിട്ടുണ്ട്. കാടും മലയും അരുവിയും പുഴയും ഗ്രാമീണ നിരത്തും വീടും മറ്റും സമ്മേളിക്കുന്നതാണ് പല ചിത്രങ്ങളും.അങ്കമാലി കോക്കുന്നു കല്ലൂക്കാരൻ വർഗീസ്-മേരി ദന്പതികളുടെ മകനാണ് ഫാ.വിമൽ. 2015ലാണ് വൈദികപട്ടം സ്വീകരിച്ചത്. റൊഗേഷനിസ്റ്റ് സഭാംഗമാണ്.
മാനന്തവാടി റൊറാത്തെ ഭവൻ സെമിനാരിയിലാണ് നിലവിൽ സേവനം ചെയ്യുന്നത്. സൃഷ്ടികൾ സുഹൃത്തുക്കൾക്കും മറ്റും സമ്മാനമായി നൽകുകയാണ് ഇദ്ദേഹം.എണ്ണച്ചായത്തിൽ തീർത്ത ക്രിസ്തുവിന്റെ അന്ത്യത്താഴ ദൃശ്യമാണ് എറ്റവും സംതൃപ്തി പകർന്നതെന്നു ഫാ.വിമൽ പറയുന്നു.
ആറടി നീളവും നാലടി വീതിയുമുള്ള ചിത്രം ആലുവ റൊഗാത്തെ ആശ്രമത്തിനാണ് നൽകിയത്. ക്രിസ്തുവിന്റെ ചിരിക്കുന്ന മുഖമാണ് ഫാ. വിമലിന്റെ രചനകളിൽ വേറിട്ടുനിൽക്കുന്ന മറ്റൊരു ചിത്രം. മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശനം നടത്താനൊരുങ്ങുകയാണ് ഫാ.വിമൽ കല്ലൂക്കാരൻ.