കൂരാച്ചുണ്ട്: 21 വർഷം മുമ്പ് മരണപ്പെട്ട തന്റെ പിതാവ് ഫ്രാൻസിസ്, കോളജ് രാഷ്ട്രീയകാലത്ത് കത്തിയുമായി നടന്നിരുന്ന ആളായിരുന്നുവെന്ന രീതിയിൽ ക്രൂരനായി ചിത്രീകരിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശം പിൻവലിച്ച് അദ്ദേഹം മാപ്പു പറയണമെന്ന് ഫ്രാൻസിസിന്റെ മകനും കൂരാച്ചുണ്ട് സ്വദേശിയുമായ ജോബി ഫ്രാൻസിസ് .
അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു.
ഇക്കാര്യങ്ങളിൽ യാതൊരു പങ്കുമില്ലാത്ത, വർഷങ്ങൾക്കു മുന്പു മൺമറഞ്ഞ തന്റെ ഭർത്താവിനെ വേട്ടയാടരുതെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു.
ബ്രണ്ണൻ കോളജ് വളപ്പിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയന്റെ വേദി ആക്രമിച്ചുവെന്നും സുധാകരന്റെ പരാമർശത്തിലുണ്ട്.
എന്നാൽ പിതാവ് അക്കാലത്ത് വോളിബോളിൽ യൂണിവേഴ്സിറ്റി താരമായിരുന്നു. മറിച്ച് സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ലായിരുന്നുവെന്നും ഇത്തരത്തിലുള്ള പരാമർശം തങ്ങളെ വേദനിപ്പിച്ചതായും ജോബി പ്രതികരിച്ചു.