“ഭാഗ്യ’ത്തിൽ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. അതുകൊണ്ടാണല്ലോ ലോട്ടറികളിൽ ഭാഗ്യം പരീക്ഷക്കാൻ നിരവധി ആളുകൾ തയാറാകുന്നതും. തിരുവോണം ബന്പർ ഒരാൾക്കേ ലഭിക്കൂ എങ്കിലും നിരവധി പേരാണ് ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.
ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടാൽ, ലോട്ടറിയടിച്ചാൽ ആളുകൾ പറയും ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്. ഈ സംഭവങ്ങളിലെ നായകനെ അല്ലെങ്കിലെ നായികയെ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതിയെന്ന് വിശേഷിപ്പിക്കാറുമുണ്ട്.
ക്രൊയേഷ്യൻ സ്വദേശിയായ ഫ്രെയിൻ സെലകിനെ എന്തുവിശേഷിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് അദേഹത്തെ അറിയാവുന്നവർ. ഒന്നും രണ്ടുമല്ല, ഏഴ് അപകടത്തിൽ നിന്നാണ് സെലക് രക്ഷപ്പെട്ടത്. അവസാനം എട്ട് കോടി രൂപ ലോട്ടറിയുമടിച്ചു സെലകിന്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെന്നാണ് സെലക് ഇപ്പോൾ അറിയപ്പെടുന്നത്.
“പരീക്ഷണ’ങ്ങളുടെ തുടക്കം
1962-ലാണ് സെലകിന്റെ “പരീക്ഷണ’ങ്ങളുടെ തുടക്കം. സരജാവോയിൽ നിന്ന് ഡുബ്രോവ്നിക്കിലേക്കുള്ള ട്രെയിൻ യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച ട്രെയിൻ ഒരു നദിയിലേക്ക് മറിഞ്ഞു. ആ അപകടത്തിൽ പതിനേഴ് യാത്രക്കാർ മരിച്ചു.
പക്ഷെ അദ്ദേഹത്തിന്റെ കൈ മാത്രമേ ഒടിഞ്ഞുള്ളു. തൊട്ടടുത്ത വർഷമാണ് അദേഹം തന്റെ കന്നി വിമാനയാത്ര നടത്തിയത്. ആദ്യ യാത്രക്കിടെ വിമാനം തകർന്നു 19 പേർ മരണമടഞ്ഞു.
വിമാനത്തിന്റെ വാതിലിൽ കൂടെ പുറത്തേക്ക് തെറിച്ച അദ്ദേഹം ചെന്ന് വീണത് ഒരു വൈക്കോൽ കൂനയിലാണ്. വലിയ അപകടമായിട്ടും കാര്യമായ പരിക്കുകളൊന്നും ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ഈ സംഭവത്തിന് ശേഷം പിന്നീട് ഒരിക്കലും അദ്ദേഹം വിമാനയാത്ര നടത്തിയിട്ടില്ലെന്നത് മറ്റൊരു കാര്യം.
അപകടങ്ങളുടെ പരന്പര
രണ്ട് വർഷം വലിയ അപകടങ്ങളൊന്നുമില്ലാതെ കടന്നുപോയി. 1966 -ൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് വീണു. നാല് മരണങ്ങൾ ഉണ്ടായി. പക്ഷേ, അദ്ദേഹം രക്ഷപ്പെട്ടു. വീണ്ടും രണ്ട് വർഷം വലിയ അപകടങ്ങളൊന്നുമില്ലാതെ കടന്നുപോയി.
ഒരുദിവസം അദ്ദേഹം തന്റെ കാറിൽ യാത്രചെയ്യുന്പോൾ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഓടുന്ന വണ്ടിയിൽ നിന്ന് എടുത്ത് ചാടുകയാണ് അന്ന് അദേഹം രക്ഷപ്പെട്ടത്. 1972 -ൽ അദ്ദേഹത്തിന്റെ കാറിന് തീപിടിച്ച് തലമുടി പൂർണമായും കത്തിയെങ്കിലും ഈ അപകടത്തിൽ നിന്നും സെലക് രക്ഷപ്പെട്ടു.
1995 -ൽ അദേഹത്തെ ബസ് ഇടിച്ചെങ്കിലും കാര്യമായ പരിക്ക് പറ്റിയില്ല. തൊട്ടടുത്ത വർഷം ഒരു ട്രക്ക് വന്നിടിച്ച് അദ്ദേഹത്തിന്റെ കാർ 300 അടി താഴേക്ക് വീണു. എന്തുസംഭവിച്ചെന്ന് പറയേണ്ടതില്ലല്ലോ? പതിവുപോലെ അദേഹം രക്ഷപ്പെട്ടു.
വീണ്ടും “ഭാഗ്യം’
സുഹൃത്തുക്കൾക്ക് സെലകിനൊപ്പം ഒരു വാഹനത്തിൽ യാത്ര ചെയ്യാൻ പേടിയാണ്. സെലക് യാത്ര ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് ട്രെയിൻ യാത്ര റദ്ദാക്കിയ അയൽക്കാരുണ്ട്. കാര്യങ്ങൾ ഇങ്ങനെ പോകിന്പോഴാണ് 2003 -ൽ അദ്ദേഹത്തിന് ബമ്പർ ലോട്ടറി അടിക്കുന്നത്.
അതും എട്ടു കോടി 17 ലക്ഷം രൂപ! സെലക് അത് കൊണ്ട് രണ്ട് വീടുകളും ഒരു ബോട്ടും വാങ്ങി ഇപ്പോള് വിശ്രമ ജീവിതത്തിലാണ്. ഒന്നുകിൽ ഞാൻ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനാണ്.
അല്ലെങ്കിൽ ഭാഗ്യവാൻ. രണ്ടാമത്തേത് വിശ്വസിക്കാനാണ് എനിക്കിഷ്ടം’-അദ്ദേഹം പറയുന്നു. ഇനി പറയൂ സെലകിനെ വെറും ഭാഗ്യവാനെന്ന് വിളിച്ചാൽ മതിയോ?