പാരീസ്: ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ട രാവിൽ പാരീസിൽ ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം. ചാംപ്സ് എലിസീസ് വീഥിയിൽ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം യുവാക്കൾ കടകളിലേക്ക് അതിക്രമിച്ച് കയറി ചില്ലുകൾ അടിച്ചുതകർത്തു. അക്രമാസക്തരായ ചിലർ പോലീസിന് നേരെ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
തെക്കൻനഗരമായ ലിയോണിലും പോലീസും നൂറോളം ആരാധകരും തമ്മിൽ ഏറ്റുമുട്ടി. സിറ്റി സെന്ററിൽ വലിയ സ്ക്രീനിൽ മത്സരം പ്രദർശിക്കുമ്പോളാണ് അക്രമമുണ്ടായത്. നൂറോളം യുവാക്കൾ പോലീസ് വാഹനത്തിന് മുകളിൽ കയറി അതിരുവിട്ട ആഘോഷം നടത്തുകയായിരുന്നു.
മാർസിലെയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേർ അറസ്റ്റിലായി. അക്രമത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തെക്കുകിഴക്കൻ നഗരമായ അന്നെസിയിൽ വിജയാഘോഷത്തിനിടെ രണ്ടു പേർ അപകടത്തിൽപ്പെട്ടു.
2015ലെ ഭീകരാക്രമണത്തിന് ശേഷം കടുത്ത ജാഗ്രതയാണ് ഫ്രഞ്ച് സർക്കാർ പാലിക്കുന്നത്. ലോകകപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാരീസിൽ നാലായിരത്തോളം പോലീസുകാരെയും സുരക്ഷാ സേനയെയും വിന്യസിച്ചിരുന്നു.