ന്യൂഡല്ഹി: പുല്വാമയില് ഭീകരാക്രമണം നടത്തിയ ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദിന്റെ തലവന് മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോകവ്യാപകമായി സജീവമാകുന്നു.
മസൂദ് അസറിനെ ആഗോള ഭീകരനാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവുമായി ഐക്യാരാഷ്ട്ര സഭയില് ഫ്രാന്സ് മുന്നോട്ടു നീങ്ങുകയാണ്. ഇതിനൊപ്പം ഇസ്രയേലും ഇന്ത്യക്ക് പിന്തുണയുമായെത്തി. അമേരിക്കയും റഷ്യയും ഇന്ത്യയ്ക്കൊപ്പമാണ്. ചൈന മാത്രമാണ് മസൂദിനെ ഇപ്പോഴും നല്ലപിള്ളയായി അവതരിപ്പിക്കുന്നത്. ഈ വിഷയത്തില് സൗദി അറേബ്യയുടെ നിലപാട് നിര്ണ്ണായകമാണ്. ഇക്കാര്യത്തില് ഇന്ത്യന് പര്യടനം നടത്തുന്ന സൗദിയുടെ കിരീടാവകാശി സല്മാന് രാജകുമാരന് ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.
കശ്മീരിലെ പുല്വാമയില് 40 സിആര്പിഎഫ് ജവാന്മാര് വീരമൃത്യുവരിക്കാന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. മസൂദ് അസറിനെതിരായ നീക്കത്തില് ഇതു രണ്ടാം തവണയാണ് ഫ്രാന്സ് പങ്കാളിയാവുന്നത്. 2017ല് ഫ്രാന്സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല് സ്ഥിരാംഗമായ ചൈനയാണ് അന്ന് നീക്കം തടഞ്ഞത്. ഇപ്പോഴും ചൈനയുടെ നിലപാട് നിര്ണ്ണായകമാകും.
ഫഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല് നടത്തിയ ചര്ച്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തിലുള്ള നിലപാടില് മാറ്റമില്ലെന്ന് പുല്വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ സമ്മര്ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യന് നീക്കത്തെ ചൈന പ്രതിരോധിക്കുന്നത്.
രക്ഷാസമിതി അംഗങ്ങള്ക്കിടയില് പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്ക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ അവകാശവാദത്തെ തള്ളാന് തെളിവുകള് ഇന്ത്യ കൈമാറും. പുല്വാമയിലെ ദുരന്തത്തില് മസൂദിന്റെ പങ്ക് വ്യക്തമാക്കുന്ന ഓഡിയോ ക്ലീപ്പ് ഇന്ത്യന് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് സകല പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേല് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഭീകരവാദം നേരിടാന് ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേല് വ്യക്തമാക്കി. ഇന്ത്യയിലെ ഇസ്രയേല് സ്ഥാനപതി ഡോ. റോണ് മാല്ക്കയാണ് പിന്തുണ വാഗ്ദാനംചെയ്ത് രംഗത്തെത്തിയത്. ഇന്ത്യയും ഇസ്രയേലും മാത്രമല്ല, ലോകം മുഴുവന് നേരിടുന്ന വിപത്താണ് ഭീകരവാദമെന്ന് ഇസ്രയേല് സ്ഥാനപതി പി.ടി.ഐ വാര്ത്താ ഏജന്സിക്ക് നല്കിയ അഭിമുഖത്തില് പറഞ്ഞു. ഭീകരവാദം നേരിടുന്നതില് ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില് സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന് തയ്യാറാണ്. വിലപ്പെട്ട സുഹൃത്തായ ഇന്ത്യയെ സഹായിക്കേണ്ടതുണ്ട്. ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു തന്നോട് പറഞ്ഞുവെന്നും മാല്ക്കെ വ്യക്തമാക്കി.
ഇനി സൗദിയുടെ നിലപാട് നിര്ണ്ണായകമാണ്. നേരത്തെ പാക്കിസ്ഥാന് സൗദി 2000 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യന് നീക്കത്തിന് ഇത് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് സൗദി രാജകുമാരന് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സല്മാന് രാജകുമാരനെ സ്വീകരിച്ചു. ഭീകരതയ്ക്കൊപ്പം പാക്കിസ്ഥാന് നീങ്ങുന്നതിന്റെ തെളിവുകള് സൗദിക്ക് ഇന്ത്യ കൈമാറും. ഭീകരതയ്ക്കെതിരെ നിലപാട് എടുക്കാന് ആവശ്യപ്പെടുകയും ചെയ്യും. ദിവസങ്ങള് പിന്നിടും തോറും ലോകരാജ്യങ്ങളില് നിന്ന് ഇന്ത്യയ്ക്ക് പിന്തുണ വര്ധിച്ചു വരികയാണ്. ഇതിനോടകം 50ലധികം രാജ്യങ്ങള് ഇന്ത്യയ്ക്ക് പരസ്യമായി പിന്തുണയറിച്ചു കഴിഞ്ഞു.