മിലാൻ: രണ്ടാമത് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം ലോക ചാന്പ്യന്മാരായ ഫ്രാൻസ് സ്വന്തമാക്കി. സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയായിരുന്നു ലേ ബ്ലൂസിന്റെ കിരീട ധാരണം. ഒരു ഗോളിനു പിന്നിലായശേഷം രണ്ടെണ്ണം തിരിച്ചടിയായിരുന്നു ഫ്രാൻസ് ലാ റോഹയെ തകർത്തത്.
80-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയായിരുന്നു ഫ്രാൻസിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഓഫ് സൈഡിന്റെ മണമുള്ള ഗോളിനെതിരേ സ്പാനിഷ് താരങ്ങൾ രംഗത്തെത്തിയെങ്കിലും റഫറി ഫ്രാൻസിന് അനുകൂല തീരുമാനം കൈക്കൊള്ളുകയായിരുന്നു.
രണ്ട് ഉജ്വല ഗോൾ…
64-ാം മിനിറ്റിൽ അത്യുജ്വല ഫിനിഷിംഗിലൂടെ മിഖേൽ ഒയർസബാൽ സ്പെയിനിനെ മുന്നിലെത്തിച്ചു. ഒരു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം ബെൻസെമയുടെ ഉജ്വല ഫിനിഷിംഗ്.
66-ാം മിനിറ്റിൽ ബോക്സിന്റെ ഇടത് കോണിൽനിന്ന് ബെൻസെമ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോൾപോസ്റ്റിന്റെ വലത് മേൽത്തട്ടിൽ, ക്ലാസിക് ഫിനിഷിംഗ്! 14 മിനിറ്റിനുശേഷം തിയൊ ഹെർണാണ്ടസിന്റെ പാസിൽനിന്ന് എംബാപ്പെയുടെ ഗോളിലൂടെ ഫ്രാൻസ് കിരീടത്തിലും.
ഓഫ് സൈഡ്?
എംബാപ്പെയുടെ ഗോൾ ഓഫ് സൈഡാണെന്നാണു മത്സരശേഷവും സ്പാനിഷ് താരങ്ങൾ അവകാശപ്പെട്ടത്. സത്യത്തിൽ തിയൊ ഹെർണാണ്ടസ് പാസ് നൽകുന്പോൾ എംബാപ്പെ ഓഫ് സൈഡ് ആയിരുന്നു. എന്നാൽ, ഹെർണാണ്ടസിന്റെ പാസ് ബ്രേക്ക് ചെയ്യാൻ സ്പാനിഷ് പ്രതിരോധ താരം എറിക് ഗാർസ്യ ശ്രമിച്ചു.
വൈഡായിരുന്ന പന്ത് ഗാർസ്യയുടെ ബൂട്ടിൽ തട്ടി ദിശമാറി പെനൽറ്റി ഏരിയയിലേക്ക്. ഓടിക്കയറിയ എംബാപ്പെ പന്ത് വരുതിയിലാക്കി. മുന്നോട്ടു കയറിയെത്തിയ സ്പാനിഷ് ഗോളി ഉനയ് സിമോണിനെ ഡ്രിബ്ബിൾ ചെയ്ത് എംബാപ്പെ പന്ത് വലയിൽ നിക്ഷേപിച്ചു.
ഗാർസ്യയുടെ ടച്ചിലൂടെയാണു പന്ത് എംബാപ്പെയിലേക്ക് എത്തിയതെന്നതിനാൽ റഫറി ആന്റണി ടെയ്ലർ ഗോൾ ഓഫ് സൈഡ് അല്ലെന്നു വിധിച്ചു.