ഫ്രാൻസിസ് ജോർജ് ചരൽക്കുന്ന്: മുംബൈ പോലെയുള്ള വ്യാവസായിക നഗരങ്ങളിൽ റബർ ഇറക്കുമതിക്കു പ്രത്യേകാനുമതി നൽകിയതിലൂടെ രാജ്യത്തു സ്വാഭാവിക റബറിന്റെ വിപണി വീണ്ടും കൂപ്പുകുത്തുകയാണെന്നു ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന ക്യാന്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎ സർക്കാരിന്റെ നാലു വർഷത്തെ ഭരണംകൊണ്ടുള്ള നേട്ടം കാർഷിക മേഖലയുടെ തകർച്ചയും ആൾക്കൂട്ടകൊലപാതകവുമാണെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുൻ എംഎൽഎ ഡോ.കെ.സി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംപി. വക്കച്ചൻ മറ്റത്തിൽ മുൻ എംഎൽഎമാരായ ആന്റണി രാജു, പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുന്നപ്പുഴ, എം.വി. പോളി, ജേക്കബ് എം. ഏബ്രഹാം ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം എന്നിവർ പ്രസംഗിച്ചു.
ഇൻഫാം ദേശീയ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസലർമാരായ ഡോ. ബി. ഇക്ബാൽ, ഡോ. സിറിയക് തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഇന്നു വൈകുന്നേരം ക്യാന്പ് സമാപിക്കും.