പാരിസ്: ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റും ഫിഫാ റൂളിംഗ് കമ്മിറ്റി അംഗവുമായ നോയൽ ലെ ഗ്രേയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സ്പോർട്സ് ഏജന്റ്.
വനിതാ താരങ്ങളും ഫെഡറേഷനിലെ മുൻ ജീവനക്കാരുമടക്കം നിരവധി പേരോട് ലെ ഗ്രേ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ഒരു ഫ്രഞ്ച് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ച യുവതി വ്യക്തമാക്കി.
വനിതാ ഫുട്ബോളിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാൻ ആഗ്രഹിച്ച് ഫെഡറേഷനെ സമീപിച്ച തനിക്ക് നേരെ ലെ ഗ്രേ പ്രഫഷണലിസമില്ലാതെയാണ് പെരുമാറിയതെന്ന് യുവതി ആരോപിച്ചു.
ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാൻ താൻ ശ്രമിച്ച വേളകളില്ലെല്ലാം ഡേറ്റിംഗിനുള്ള ശ്രമമാണ് ലെ ഗ്രേ നടത്തിയത്.
സമാനാവശ്യം ഉന്നയിച്ചുള്ള ടെക്സ്റ്റ് മെസജുകൾ ലെ ഗ്രേ പല ജീവനക്കാർക്കും അയച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.
എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും യുവതിയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിച്ച മാസികയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ലെ ഗ്രേ അറിയിച്ചു.
ഏപ്രിൽ അഞ്ചിന് നടക്കുന്ന ഫിഫ റൂളിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള “ഇന്റഗ്രിറ്റി’ പരിശോധയിൽ ലെ ഗ്രേയെ പരാജയപ്പെടുത്തി സ്വഭാവദൂഷ്യം ആരോപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
നേരത്തെയും ലൈംഗികാരോപണം നേരിട്ടിട്ടുള്ള ലെ ഗ്രേയ്ക്കെതിരെ ഫ്രഞ്ച് കായിക മന്ത്രിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.
സിനദിൻ സിദാൻ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താലും ഇല്ലെങ്കിലും തനിക്ക് ഒന്നുമില്ലെന്ന പ്രസ്താവന നടത്തി വിവാദത്തിൽ മുങ്ങിനിൽക്കെയാണ് ലെ ഗ്രേയ്ക്കെതിരെ പുതിയ ആരോപണം ഉയർന്ന്വന്നത്.