ചാലക്കുടി: ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിറ്റിരുന്ന യുവാവ് പോലീസ് പിടിയിലായി. നായരങ്ങാടി കണ്ണനായ്ക്കൽ ഫ്രാങ്കോ (19)യെയാണ് എസ്ഐ ജയേഷ് ബാലനും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്. ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാനായ യുവാവിനെ കഴിഞ്ഞദിവസം രാത്രി മാർക്കറ്റ് റോഡിൽവച്ചാണ് പോലീസ് പിടികൂടിയത്.
ടൗണിലെ പലസ്ഥാപനങ്ങളിലും പാർട്ട്ടൈം ജോലി ചെയ്തുവരുന്ന യുവാക്കൾക്കും കൗമാരക്കാർക്കുമാണ് ഇയാൾ കൂടുതലും കഞ്ചാവ് വിറ്റിരുന്നത്. ഇത് നിരീക്ഷിക്കുന്നതിനായി ഡിവൈഎസ്പി പി.എസ്. ഷാഹുൽ ഹമീദ് നൽകിയ നിർദേശത്തെത്തുടർന്ന് എസ് ഐയും സംഘവും മഫ്ടിയിൽ ബൈക്കിൽ സഞ്ചരിച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
നേരത്തെ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുള്ള ഇയാളെ പലതവണ താക്കീത് ചെയ്ത് വിട്ടയച്ചിട്ടുള്ളതാണ്. നൂറുഗ്രാം കഞ്ചാവ് ഇയാളിൽനിന്നും പോലീസ് പിടിച്ചെടുത്തു. ബൈക്കിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിൽ സൂക്ഷിക്കുന്ന കഞ്ചാവ് ദൂരെ മാറിനിന്ന് ആവശ്യക്കാർ എത്തുന്പോൾ അതിൽനിന്നും എടുത്തു കൊടുക്കുകയായിരുന്നു പതിവ്.
നേരത്തെതന്നെ ഇയാളെ നിരീക്ഷിച്ച് മാറിന്നിരുന്ന പോലീസ് കഞ്ചാവ് എടുക്കാൻ എത്തിയപ്പോൾ ബൈക്ക് സഹിതം പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിലായി 15-ൽ കൂടുതൽ യുവാക്കളെയാണ് കഞ്ചാവ് കേസിൽ പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു. സിപിഒമാരായ എ.യു. റെജി, രാജേഷ് ചന്ദ്രൻ, കെ.പി. പ്രവീൺ, വുമൺ സിപിഒ കെ.എ. ബേബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.