കോട്ടയം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ സത്യഗ്രഹം നടത്തിയവരുടെ സദുദ്ദേശ്യത്തിൽ സംശയമുണ്ടെന്നു പി.സി. ജോർജ് എംഎൽഎ. സഭാചട്ടങ്ങൾ പാലിക്കാതെ സന്യാസം ഉപേക്ഷിച്ചവരും സഭാവിരുദ്ധരും മതവിരോധികളും നിരീശ്വരവാദികളുമാണ് അവിടെ ഇരിക്കുകയും പ്രസംഗിക്കുകയും ചെയ്ത പലരും.
ബിഷപ്പിന്റെ അറസ്റ്റാണ് ആഗ്രഹമെങ്കിൽ സമരക്കാർ തെരുവിലായിരുന്നില്ല മറിച്ച് സെക്രട്ടറിയേറ്റിനു മുന്നിലായിരുന്നു സമരം നടത്തേണ്ടിയിരുന്നതെന്ന് കോട്ടയം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ ജോർജ് പറഞ്ഞു. ക്രൈസ്തവ സഭയെയും മാന്യമായി ജീവിക്കുന്നസന്യസ്തരെയും അപമാനിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ നടത്തിയ ശ്രമമാണ് ഈ സമരം.
ആത്മീയവിശുദ്ധിയിൽ സമർപ്പിത ജീവിതം നയിക്കുന്ന ആയിരക്കണക്കിനു വൈദികരെയും സന്യസ്തരെയും പൊതുസമൂഹത്തിൽ അവഹേളിക്കാൻ വിട്ടുകൊടുക്കുന്ന ചിലർ സമരത്തിനു പിന്നിലുണ്ട്.
കത്തോലിക്കാ സഭയുടെ കെട്ടുറപ്പു തകർക്കാനും സത്പേര് നശിപ്പിക്കാനും സാത്താൻ സേവക്കാരും ബ്ലാക്ക് മാസുകാരുമൊക്കെ പണം മുടക്കി ആസൂത്രിതമായി ഈ സമരത്തിനു പിന്നിലുണ്ട്. അവരുടെ ചട്ടുകമാക്കാൻ സമരക്കാർ വിധിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന വാസ്തവമാണ്.
കുന്പസാര രഹസ്യം മൊഴിയാക്കി പരാതി നൽകിയതു ഹീനമായ നടപടിയാണ്. പത്തു വയസിൽ താഴെയുള്ള സ്കൂൾകുട്ടികളെ വരെ സമരപ്പന്തലിൽ സമരക്കാർ എത്തിച്ചുകണ്ടു. സമരപ്പന്തലിൽ കൊച്ചു കുട്ടികൾ കേൾക്കെ സംസാരിക്കുന്ന വിഷയമാകട്ടെ ബലാൽസംഗം പോലുള്ള കാര്യങ്ങളും.
മുൻപു നടത്തിയ പത്രസമ്മേളനത്തിൽ താൻ നടത്തിയ ഒരു പരാമർശത്തിനെതിരേ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ അയച്ച നോട്ടീസിന് മറുപടി അയച്ചതായി ജോർജ് പറഞ്ഞു. ശബരിമല തീർഥാടനം ഉൾപ്പെടെ കാര്യങ്ങളുടെ മേൽനോട്ടവും എരുമേലിയിൽ യോഗങ്ങളുമുണ്ടായിരിക്കെ ഡൽഹിയിൽ നേരിട്ടുപോയി മറുപടി നൽകാൻ ഇപ്പോൾ സൗകര്യമില്ല.
തന്നെയുമല്ല വനിതാ കമ്മീഷൻ നൽകിയ നോട്ടീസിനൊപ്പം രേഖയായി കാണിച്ചിരിക്കുന്ന ഇംഗ്ലീഷ് പത്ര കട്ടിംഗിൽ താൻ നടത്തിയ പരാമർശം കാണുന്നുമില്ല. ഈ നിലയിൽ കമ്മീഷന് പുതുതായി നൽകാൻ മറുപടിയൊന്നുമില്ല. എന്നാൽ മുൻപു നടത്തിയ പരാമർശത്തെ വീണ്ടും അപലപിക്കുന്നു. വനിതാ കമ്മീഷനോട് ബഹുമാനക്കുറവുമില്ല.
ആക്ഷേപ പദപ്രയോഗം ഒഴികെ, കഴിഞ്ഞ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലും ആരോപണങ്ങളിലും താൻ ഉറച്ചു നിൽക്കുന്നു.ബിഷപ്പിനെതിരേ കന്യാസ്ത്രീ നൽകിയ പരാതിയിൽ അസ്വാഭാവികത സംശയിക്കാവുന്ന ഏതാനും തെളിവുകളും ജോർജ് ഇന്നലെ നിരത്തി.
ആദ്യമായി മോശം പെരുമാറ്റമുണ്ടായതായി പറയുന്ന ദിവസത്തിനു പിറ്റേന്ന് ബിഷപ് കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഫോട്ടോയെടുത്ത ഫോട്ടോഗ്രഫറെ ഭീഷണിപ്പെടുത്തി പോലീസ് മൊഴിയെടുത്തതായി ജോർജ് ആരോപിച്ചു. ഫോട്ടോഗ്രാഫറെയും ഫോട്ടോകളും വീഡിയോയും കൈവശമുള്ള മറ്റ് രേഖകളും അന്വേഷണ സംഘത്തിനോ കോടതിക്കോ മുന്നിൽ ഹാജരാക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.