സ്വന്തം ലേഖകൻ
തൃശൂർ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ പീഡനക്കേസിൽ 12 രേഖകളുടെ പകർപ്പുകൾ പ്രതിഭാഗത്തിനു നൽകില്ലെന്നു പ്രോസിക്യൂഷൻ. കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ ലഭിക്കാതെ കേസിന്റെ വിസ്താരത്തിലേക്കു പ്രവേശിക്കാനാവില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ പോലീസും പ്രോസിക്യൂഷനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് കുറ്റപത്രം പൂർണമായും കൈമാറാത്തതെന്ന് അഭിഭാഷകർ സംശയിക്കുന്നു.
1,400 പേജുള്ള കുറ്റപത്രം ഏപ്രിൽ ആദ്യവാരത്തിലാണ് പോലീസ് പാലാ മജിസ്ട്രേട്ട് കോടിയിൽ സമർപ്പിച്ചത്. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും പകർപ്പുകൾ അടങ്ങുന്നതാണു കുറ്റപത്രം. കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ദിവസംതന്നെ അവയുടെയെല്ലാം പകർപ്പ് പ്രതിക്കു നൽകേണ്ടതാണ്. ആയിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ എണ്പതോളം പേജുകളിലാണ് കുറ്റാരോപണ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്. എന്നാൽ ഈ ഭാഗത്തെതന്നെ ഏതാനും പേജുകൾ ഇല്ലാതെയാണ് പ്രതിഭാഗത്തിനു കുറ്റപത്രം നൽകിയത്. മാത്രമല്ല കുറ്റപത്രത്തിന്റെ ഭാഗമായുള്ള 32 അനുബന്ധ രേഖകളുടെ പകർപ്പുകളും നൽകിയില്ല.
കുറ്റപത്രം വായിച്ചു ബോധ്യപ്പെട്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞമാസം 27 നു കോടതി കേസ് പരിഗണിച്ചെങ്കിലും കുറ്റപത്രത്തിൽ ഏതാനും പേജുകൾ ഇല്ലെന്നും 32 രേഖകൾ തന്നിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദേശാനുസരണം 20 രേഖകൾ പ്രതിഭാഗത്തിനു കൈമാറി.
കേസ് പാലാ കോടതിയിൽ ഇന്നലെ പരിഗണിച്ചപ്പോൾ 12 രേഖകൾകൂടി കിട്ടാനുണ്ടെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. കന്യാസ്ത്രീയെ പരിശോധിച്ച ഡോക്ടറുടെ മൊഴി, പ്രതിയുടേയും കന്യാസ്ത്രീയുടേയും മൊബൈൽ ഫോണും ലാപ്ടോപും ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയശേഷമുള്ള റിപ്പോർട്ടിന്റെ പകർപ്പ് തുടങ്ങി പ്രധാന രേഖകളാണ് പ്രോസിക്യൂഷനും പോലീസും പൂഴ്ത്തിയത്.
ഈ രേഖകൾകൂടി ലഭ്യമാക്കാൻ ഈ മാസം 16 വരെ കോടതി പ്രോസിക്യൂഷനു സാവകാശം അനുവദിച്ചിട്ടുണ്ട്. കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകളുടെ പകർപ്പുകളെല്ലാം ലഭിച്ചാലേ കേസിന്റെ വിസ്താരം ആരംഭിക്കാനാകൂ. കോട്ടയത്തെ ജില്ലാ കോടതിയിലേക്കു കേസ് മാറ്റി വിസ്താരം ആരംഭിക്കുന്നതു വൈകിപ്പിക്കാനാണ് പോലീസും പ്രോസിക്യൂഷനും കുറ്റപത്രത്തിന്റെ ഒരു ഭാഗം പ്രതിഭാഗത്തിനു കൈമാറാത്തതെന്നാണ് ആരോപണം.