കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ റിമാൻഡിലായിരുന്ന ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തിൽ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്യായമായി കേസിൽ ഇടപെടരുത്, രണ്ടാഴ്ച കൂടുന്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുന്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നൽകിയ രണ്ടാമത്തെ ജാമ്യ ഹർജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബർ 21 ന് കേസിൽ അറസ്റ്റിലായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ ഈ കേസിൽ നൽകിയ ജാമ്യാപേക്ഷ ഒക്ടോബർ മൂന്നിന് സിംഗിൾബെഞ്ച് തള്ളിയിരുന്നു. അഞ്ച് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അന്ന് ജാമ്യാപേക്ഷയെ എതിർത്തത്.
തുടർന്നാണ് ഹൈക്കോടതി ജാമ്യ ഹർജി തള്ളിയത്. എന്നാൽ, ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ കഴിയേണ്ട സാഹചര്യമില്ലെന്നുമാണ് രണ്ടാമത് നൽകിയ ജാമ്യ ഹർജിയിലെ വാദം. നേരത്തെ കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിനെ ജലന്ധറിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പിന്നീട് സെപ്റ്റംബർ 19 ന് നോട്ടീസ് നൽകി വിളിപ്പിച്ചു വീണ്ടും ചോദ്യം ചെയ്തു. തുടർച്ചയായി നോട്ടീസ് നൽകി വരുത്തി വിളിച്ചു മൂന്നു ദിവസം ചോദ്യം ചെയ്തശേഷമാണ് ബിഷപ്പിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണത്തോടു പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ജയിൽവാസം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.