പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിൽ നോട്ടർഡാം ബസിലിക്കയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ അക്രമി ടുണീഷ്യക്കാരനായ അഭയാർഥി യുവാവ്. സംഭവുമായി ബന്ധപ്പെട്ട് ടുണീഷ്യക്കാരനായ ബ്രാഹീം ഔയിസോയി (21) ആണ് അറസ്റ്റിലായത്.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിലെ ട്വീപായ ലാംപെഡൂസയിൽ സെപ്റ്റംബർ അവസാനം എത്തിയ ബ്രാഹിം ഒക്ടോബർ ആദ്യത്തെ ആഴ്ച ഫ്രാൻസിൽ കടക്കുകയായിരുന്നു.
അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച ഫ്രാൻസ് ഇപ്പോൾ അവരിൽനിന്നു തന്നെ ആക്രമണം നേരിടുന്ന കാഴ്ചകൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.രണ്ടാഴ്ച മുന്പാണു ചെച്നിയ സ്വദേശിയായ ഒരു ഇസ്ലാമിക ഭീകരവാദി അധ്യാപകൻ സാമുവൽ പാറ്റിയെ പാരീസിനടുത്തുവച്ചു തലവെട്ടിക്കൊന്നത്.
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതാണ് പ്രകോപനമായി പറയുന്നത്. ഈ കൊലപാതകത്തിനു ശേഷം ഫ്രാൻസിൽ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടിരുന്നു.
നീസിൽനിന്ന് 257 കിലോമീറ്റർ അകലെയുള്ള അവിഞ്ഞോൺ നഗരത്തിൽ ഇന്നലെ മറ്റൊരു തീവ്രവാദി “അല്ലാഹു അക്ബർ’’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വഴിപോക്കരെ തോക്കുകാണിച്ചു ഭീഷണിപ്പെടുത്തി.
പോലീസ് അയാളെ വെടിവച്ചുവീഴ്ത്തി. സൗദിയിലെ ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിലും ഇന്നലെ മറ്റൊരു ആക്രമണം അരങ്ങേറി. കോൺസുലേറ്റ് കാവൽക്കാരനെ സൗദി സ്വദേശിയായ അക്രമി പരിക്കേല്പിക്കുകയായിരുന്നു.
അദ്ദേഹത്തെ ആശുപത്രിയിലാക്കി. അക്രമി പോലീസ് പിടിയിലാണ്.
ഇതിനിടെ, ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയിൽ കഴിഞ്ഞ ദിവസം മൂന്നു പേരുടെ മരണത്തിനിടയാക്കിയ അക്രമത്തെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം.
തീവ്രവാദവും ഭീകരവാദവും വളർത്തുന്ന ഇത്തരം ആക്രമണങ്ങളെ എതിർക്കുന്നതായും എല്ലാ മതവിശ്വാസത്തോടും സഹജീവികളോടും കരുണയാണ് കാണിക്കേണ്ടതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.