പാരീസ്: ഫ്രാൻസിൽ കുടിയേറ്റം നിയന്ത്രിക്കാൻ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതോടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പ്രതിസന്ധിയിലായി. ബിൽ കൊണ്ടുവന്ന ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ രാജിസന്നദ്ധത അറിയിച്ചെങ്കിലും മക്രോൺ സ്വീകരിച്ചില്ല.
ബിൽ പാസായിരുന്നെങ്കിൽ അഞ്ചു വർഷത്തിലധികം ജയിൽശിക്ഷ അനുഭവിച്ച കുടിയേറ്റക്കാരെ ഫ്രാൻസിൽനിന്നു പുറത്താക്കാൻ കഴിയുമായിരുന്നു. അതോടൊപ്പം കുടിയേറ്റക്കാർക്കു ബന്ധുക്കളെ ഫ്രാൻസിലേക്കു കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലാതാവുകയും ചെയ്യുമായിരുന്നു.
265നെതിരേ 270 വോട്ടുകൾക്കാണു ബിൽ പരാജയപ്പെട്ടത്. ബില്ലിനെതിരേ ഇടതുപക്ഷവും വലതുപക്ഷവും ചെറുകിട പാർട്ടികളും ഒരുമിച്ചു വോട്ട് ചെയ്യുകയായിരുന്നു. ബില്ലിലെ വ്യവസ്ഥകൾ വളരെ കർശനമെന്നു പറഞ്ഞാണ് ഇടതുപക്ഷം എതിർത്തത്. എന്നാൽ, ബില്ലിനു കടുപ്പം പോരെന്നാണ് വലതുപക്ഷത്തിന്റെ നിലപാട്.
2022ലെ തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ റിനയ്സെൻസ് പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതുമൂലം പാർലമെന്റിൽ വലിയ പ്രതിസന്ധിയാണു സർക്കാർ നേരിടുന്നത്.