ലോകകപ്പ് ആവേശങ്ങൾക്കിടെ വാർത്തകളിൽ ഇടംപിടിച്ച് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഫ്രാൻ വിൽസണ്‍. വെസ്റ്റ്ഇൻസീസ് താരം ഹെയ്ലി മാത്യൂസിനെ പുറത്താക്കാൻ വിൽസണ്‍ പറന്നെടുത്ത ക്യാച്ചാണ് വാർത്തകളിൽ നിറയുന്നത്.
വിൻഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിലായിരുന്നു വിൽസന്റെ പറക്കും ക്യാച്ച്. ചെംസ്ഫോർഡിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഓവറിന്റെ അവസാന പന്ത് കവറിലൂടെ അടിച്ചകറ്റിയ മാത്യൂസിന്റെ ഷോട്ട് സെലക്ഷനെ ആരും കുറ്റം പറയില്ല. പോയന്റിലും കവറിലുമുണ്ടായിരുന്ന രണ്ട് ഫീൽഡർമാരുടെ നടുവിലൂടെയായിരുന്നു പന്തിന്റെ സഞ്ചാരപാത.
പക്ഷേ, അത് ഫ്രാൻ വിൽസന്റെ ദിവസമായിരുന്നു. ഇടതുവശത്തേക്ക് പറന്നു ചാടിയ വിൽസന്റെ കൈയിൽ പന്ത് ഭദ്രമായി ഒതുങ്ങി. മാത്യൂസും കാണികളും ഇംഗ്ലീഷ് താരങ്ങൾ തന്നെയും ഞെട്ടി. വിൽസന്റെ ക്യാച്ചിന് ക്രിക്കറ്റ് ലോകത്ത് വൻ പ്രശംസയാണ് ലഭിക്കുന്നത്. മത്സരം 135 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചു.