കൊച്ചി: മദ്യം നല്കി അബോധാവസ്ഥയില്‍ ആക്കിയശേഷം യുവാവിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ.
കേസുമായി ബന്ധപ്പെട്ട് ഇടുക്കി ചെറുതോട് തെയ്യക്കാട് വീട്ടില്‍ അഭിജിത്ത് (21) ആണ് പിടിയിലായത്. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചു പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചെടുത്ത പ്രതി, ഇയാളെ മദ്യപിക്കാനായി എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഇവിടെ വച്ച് മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പരാതിക്കാരന്റെ ഒന്നര പവന്റെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, ഹെഡ്സെറ്റ്, 60 പൗണ്ട്, 3000 രൂപ എന്നിവ മോഷ്ടിച്ചെടുത്തു. കൂടാതെ ഇയാളുടെ എടിഎം കാര്‍ഡ് എടുക്കുകയും മര്‍ദിച്ച് പിന് നമ്പര്‍ കൈക്കലാക്കിയ ശേഷം നാല് പ്രാവശ്യമായി 40,000 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
പ്രതിയില്‍നിന്നും പണം ഒഴികെയുള്ള മറ്റു സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.