സ്കൂട്ടറില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന യുവതിയും കാമുകനും അറസ്റ്റില്‍. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്കും മുറിയില്‍ വിഷ്ണു ഭവനത്തില്‍ വിക്രമന്റെ ഭാര്യ സുനിത (36), കാമുകന് ഹരിപ്പാട് പിലാപ്പുഴ, ബിജു ഭവനത്തില്‍ ബിജുവര്‍ഗീസ് (33) എന്നിവരെയാണ് മൂന്നുമാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ പോലീസ് വലയിലായത്.
18നു വൈകുന്നേരം നാലിന് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനടുത്ത് റോഡില്‍ കൂടി നടന്നുപോയ യുവതിയുടെ അടുത്ത് സ്കൂട്ടര്‍ നിര്‍ത്തി വഴി ചോദിച്ച പുരുഷനും, സ്ത്രീയും യുവതിയുടെ രണ്ടര പവന് തൂക്കമുള്ള താലിയുള്‍പ്പെടുന്ന സ്വര്‍ണമാല പൊട്ടിച്ചിരുന്നു. മാല നഷ്ടപ്പെട്ട കല്ലിമേല്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്നത് ഒരു സ്ത്രീ ആയിരുന്നെന്നും സ്കൂട്ടറിന്റെ നമ്പര്‍ 586 എന്നാണെന്നും പറഞ്ഞിരുന്നു.
മാവേലിക്കര ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് 586 എന്ന നമ്പര്‍ വരുന്ന ആക്ടീവ സ്കൂട്ടറിനെപ്പറ്റി അന്വേഷിച്ചതില്‍ നമ്പര്‍ വ്യാജമാണെന്ന് മനസിലായി. 300ഓളം സിസി ടിവികളും 100 കണക്കിന് മൊബൈല്‍ നന്പരുകളുടെ വിവരങ്ങളും പരിശോധിച്ചു. ജാഗ്രതയോടെ നടത്തിയ അന്വേഷണത്തില്‍ സ്കൂട്ടറിന്റെ നമ്പര്‍ കെഎല്‍ 30 ഡി 5867 എന്നാണെന്നും, എന്നാല്‍ മുന്നിലും പിന്നിലും അവസാന നമ്പര്‍ ഇളക്കി മാറ്റി 586 എന്നാക്കിയിരിക്കുകയാണെന്നും പോലീസ് മനസിലാക്കി.
തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ എണ്ണയ്ക്കാട് സ്വദേശി സുനിതയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും പിറകിലിരുന്ന് മാല പൊട്ടിച്ചത് അവരുടെ കാമുകന് ഹരിപ്പാട് സ്വദേശി ബിജു വര്‍ഗീസ് ആണെന്നും കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്ന അതേ വേഷ വിധാനങ്ങളോടെ തന്നെ പ്രതികളെ 11ന് പോലീസ് കണ്ടെത്തുകയായിരുന്നു. സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ കൂടിയായ ബിജുവിനെ ഹരിപ്പാട്ട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.
സുനിതയുമൊത്ത് 2018 ജൂലൈ മധ്യത്തോടെ ചെട്ടികുളങ്ങര മാര്‍ക്കറ്റ് ജംഗ്ഷനില്‍ പുലര്‍ച്ചെ അഞ്ചിന് സ്കൂട്ടറില്‍ വന്ന ശേഷം സുനിതയെ സ്കൂട്ടറുമായി മാറ്റി നിര്‍ത്തി ബിജു ക്ഷേത്രത്തിലേക്കുള്ള വഴിയേ നടന്നുവന്ന് ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് ചെട്ടികുളങ്ങര കടവൂര്‍ ഭാഗത്തുവച്ച് പുലര്‍ച്ചെ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്ര ദര്‍ശനത്തിനായി നടന്നു വന്ന ഒരു സ്ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാനും ശ്രമിച്ചിരുന്നു. ഇയാളുടെ കൈയില്‍ പിടികൂടിയ സ്ത്രീ കൈയില്‍ കടിക്കുകയുണ്ടായി.
പിടിവലിക്കിടയില്‍ ഇയാള്‍ രക്ഷപ്പെട്ട് കാത്തുനിന്ന സുനിതയുടെ വണ്ടിയില്‍ കയറി കായംകുളം ഭാഗത്തേക്കു അതിവേഗത്തില്‍ ഓടിച്ചു പോയി. വിറ്റ തൊണ്ടി മുതലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹിതയും, മൂന്നുമക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്ത് ആയിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്.
ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ദുബൈയില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേയ്സ്ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിതയോടൊപ്പം താമസിച്ചു. ഉന്പര്നാട്ടെ വാടക വീട്ടില്‍ താമസിക്കുന്പോഴാണ് അമിത സന്പാദ്യത്തിനും ആഡംബരത്തിനുംവേണ്ടി മാല മോഷണം നടത്താന്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
സ്ത്രീയോടൊപ്പം ആകുന്പാള് സംശയിക്കില്ലെന്നും മോഷണ മുതല്‍ വിറ്റഴിക്കാന്‍ എളുപ്പമാകുമെന്നുള്ള സാധ്യതയാണ് ഇവര്‍ വിനിയോഗിച്ചത്. മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിനോടൊപ്പം, മാവേലിക്കര എസ്ഐ സി. ശ്രീജിത്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്കര്‍, ഗോപകുമാര്‍, സിനു വര്‍ഗീസ്, എസ്. ശ്രീജ്, രേണുക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.