ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് ചോര്‍ത്തി നല്കി കോടികള്‍ സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേരളത്തിലും ഇത്തരത്തില്‍ ഫേസ്ബുക്ക് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഫേസ്ബുക്കില്‍ കാണുന്ന ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയ പെണ്‍കുട്ടിക്കാണ് പണവും മാനവും നഷ്ടപ്പെടുന്ന അവസ്ഥ വന്നത്. അങ്കമാലി കറുകുറ്റി പൈനാടത്ത് ജോര്‍ജ്കുട്ടി ജോയിയെ (24) ആണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്.
ഫേസ്ബുക്ക് തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സാമൂഹമാദ്ധ്യമങ്ങളില്‍ ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയ 360 പേരുടെ യൂസര്‍നേമും പാസ്വേഡുകളുമാണ് യുവാവ് അടിച്ച് മാറ്റിയത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ രജിസ്റ്റര്‍ ചെയ്ത ഹാക്കിംഗ് സൈറ്റ് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. ഹാക്കിംഗ് സൈറ്റിന്റെ സഹായത്തോടെ യുവാവു നല്കുന്ന ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങളില്‍ ലോഗിന്‍ ചെയ്യുന്നവരുടെ മുഴുവന്‍ വിവരങ്ങളും ഇയാള്‍ക്ക് ലഭിക്കും.
മൂവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി റൂറല്‍ എസ്.പി എ.വി ജോര്‍ജിന് പരാതി നല്കി. എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടില്‍ നിക്ഷേപിച്ചു. പണമെടുക്കാന്‍ മൂക്കന്നൂര്‍ ശാഖയിലെത്തിയ യുവാവിനെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഹാക്കിംഗ് സൈറ്റിനെയും ഇയാളുടെ മറ്റിടപാടുകളെ കുറിച്ചും അനേഷണം ആരംഭിച്ചു. ഇലക്ട്രോണിക്സില് ഐ.ടി.ഐ പാസായ പ്രതി ഒരുവര്‍ഷത്തോളം ഇറ്റലിയില്‍ ഹെല്‍പ്പറായി ജോലി ചെയ്ത ശേഷമാണ് മടങ്ങി എത്തിയത്.