കൊച്ചി വിമാനത്താവളത്തില്‍ ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ അടുത്ത മിനിറ്റില്‍ ജോലി, ജെറ്റ് എയര്‍വേസിന്റെ പേരില്‍ യുവാക്കള്‍ക്ക് വാട്‌സാപ്പ്, ഫോണ്‍സന്ദേശങ്ങള്‍, ജോലികിട്ടാന്‍ വെറും 2,500 രൂപ നല്കുക, തട്ടിപ്പുസംഘം ഉദ്യോഗാര്‍ഥികളെ വെട്ടിക്കുന്നത് ഇങ്ങനെ

എം.ജി.എസ്

നിങ്ങളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസ് ജോലിക്കായി തെരഞ്ഞെടുത്തിരിക്കുന്നു. ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇങ്ങനെയൊരു സന്ദേശം ലഭിച്ചാല്‍ സൂക്ഷിക്കുക. നിങ്ങള്‍ ഒരു തട്ടിപ്പിന്റെ ആദ്യ കണ്ണിയില്‍ കുടുങ്ങിയിരിക്കുന്നു. ഫോണിലൂടെ തട്ടിപ്പ് ഇന്റര്‍വ്യൂ നടത്തി നിങ്ങളെ 24 മണിക്കൂറിനകം ജോലിക്ക് എടുക്കുന്ന സംഘങ്ങള്‍ പിന്നീട് 2,500 രൂപ സെക്യൂരിറ്റിയായി ആവശ്യപ്പെടും. ജോലികിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ പലരും വിട്ടുപോകുന്നതിനാല്‍ കമ്പനിക്ക് വന്‍നഷ്ടമാണെന്നും ഒരുമാസം കഴിയുമ്പോള്‍ ഈ തുക തിരിച്ചുനല്കുമെന്നുമാണ് അഭിമുഖം നടത്തുന്നവര്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയായി ഏതാണ്ട് ആയിരത്തിലധികം യുവാക്കളാണ് ഇത്തരത്തില്‍ പെട്ടെന്ന് ജോലി ലഭിക്കുന്നതിനായി 2,500 രൂപ നല്കി തട്ടിപ്പില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ജോലി ലഭിച്ചില്ലെന്നു മാത്രമല്ല പിന്നീട് വിളിച്ചപ്പോള്‍ അഭിമുഖം നടത്തിയവരെ ഫോണില്‍ പോലും കിട്ടിയില്ല. തട്ടിപ്പുകളെക്കുറിച്ച് നിരന്തരപരാതി കിട്ടിയതോടെയാണ് രാഷ്ട്രദീപിക ടീം ജെറ്റ് എയര്‍വേസുമായി നേരിട്ട് ബന്ധപ്പെട്ടത്.

തങ്ങള്‍ കേരളത്തില്‍ ഒരുവിധത്തിലുള്ള റിക്രൂട്ട്‌മെന്റും ഇതുവരെ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്താന്‍ മറ്റ് ഏജന്‍സികളെ നിയോഗിച്ചിട്ടില്ലെന്നും ജെറ്റ് എയര്‍വേസ് പറയുന്നു. ഇത്തരത്തില്‍ എന്തെങ്കിലും റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. തട്ടിപ്പ് റിക്രൂട്ട്‌മെന്റ് സംഘത്തിനെതിരേ പോലീസില്‍ പരാതി നല്കുമെന്നും ജെറ്റ്എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി.

രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ജെറ്റ് എയര്‍വേസ്. ഇത്തരം അവസ്ഥയില്‍ പുതിയ റിക്രൂട്ട്‌മെന്റ് പോയിട്ട് നിലവിലുള്ള ജീവനക്കാര്‍ക്കു പോലും ശമ്പളം നല്കാന്‍ കമ്പനി ബുദ്ധിമുട്ടുകയാണ്. ജെറ്റ് എയര്‍വേസില്‍ പൈലറ്റുമാര്‍ സമരത്തിലേക്ക് നീങ്ങുകയാണ്.

ജെറ്റ് എയര്‍വേസിന്റെ പേരില്‍ വരുന്ന മെയില്‍

മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശിക തീര്‍ത്ത് തന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണിമുടക്കുമെന്നാണ് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ പറയുന്നത്. കഴിഞ്ഞ മൂന്നുമാസത്തെ കുടിശിക തീര്‍ക്കാനാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ലഭിക്കാതിരിക്കുന്നതും വൈകുന്നതും മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ജോലിയെയും വിമാനങ്ങളുടെ സുരക്ഷയെയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വേസ് എന്‍ജിനീയര്‍മാരുടെ സംഘടന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു.

നിലവില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ 41 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. വരും ആഴ്ചകളില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ജെറ്റ് എയര്‍വേസിന് 119 വിമാനങ്ങളാണുള്ളത്. എന്നാല്‍ ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പലതും റദ്ദാക്കേണ്ടി വന്നു. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

സാഹചര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ ഈ മാസം അവസാനത്തോടെ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നും ജെറ്റ് എയര്‍വേസ് വക്താവ് പറഞ്ഞു. ജെറ്റ് എയര്‍വേസിന് 8200കോടിയുടെ കടബാധ്യതയുണ്ട്. മാര്‍ച്ച് അവസാനത്തോടെ 1700 കോടി തിരിച്ചടയ്‌ക്കേണ്ടതുണ്ട്. അടിയന്തരമായി 750 കോടി നല്‍കണമെവന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ എത്തിഹാദ് എയര്‍വേസ് ഗ്രൂപ്പ് സിഇഒ ടോണി ഡഗ്‌ളസിന് കത്തയച്ചിരുന്നു. എത്തിഹാദ് എയര്‍വേസിനും ജെറ്റ് എയര്‍വേസില്‍ ഓഹരിയുണ്ട്.

Related posts