മങ്കൊമ്പ്: നെല്ലുസംഭരണത്തിൽ കിഴിവിന്റെ ആനുകൂല്യം ലഭിക്കാനായി കർഷകരെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്.
ഈർപ്പം പരിശോധിക്കുന്ന മോയ്സ്റ്റർ മെഷീനിൽ കൃത്രിമം നടത്തിയാണ് കർഷകരെ തട്ടിക്കുന്നത്. സംഭരിക്കാനുള്ള നെല്ലിന്റെ ഈർപ്പം പരിശോധിക്കാനായി ഇടനിലക്കാർ കൊണ്ടുവരുന്ന മെഷീനുകളിലും പാഡി ഓഫീസർമാർ കൊണ്ടുവരുന്ന മെഷീനുകളിലും ഒരേ നെല്ലിനു വ്യത്യസ്ത റീഡിംഗുകൾ കാണിച്ചതോടെയാണ് തട്ടിപ്പു നടക്കുന്നെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്.
കിഴിവിലെ സംശയം
ഇപ്പോൾ നെല്ലുസംഭരണം പുരോഗമിക്കുന്ന എഫ് ബ്ലോക്ക് ജഡ്ജി ആറായിരം കായലിലാണ് ഏറ്റവുമൊടുവിൽ കർഷകർ പരാതിയുന്നയിക്കുന്നത്.
ഇവിടെ ഏജന്റുമാർ എത്തിക്കുന്ന മെഷീനിൽ നെല്ലിന്റെ ഈർപ്പ പരിശോധന നടത്തിയപ്പോൾ 20നു മുകളിൽ ഈർപ്പം കാണിച്ചു. ഇതേത്തുടർന്ന് ഇവർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതോടെ കർഷകർ വിസമ്മതിച്ചു പ്രതിഷേധം ഉയർത്തി.
സാധാരണയായി 17 ശതമാനം വരെ ഈർപ്പമുള്ള നെല്ലാണ് കിഴിവില്ലാതെ സംഭരിക്കുന്നത്. 17ന് മുകളിൽ വരുന്ന ഓരോ പോയിന്റിനും ക്വിന്റലിന് ഓരോ കിലോഗ്രാം വീതം കിഴിവ് ഈടാക്കുകയാണ് ചെയ്യുന്നത്.
റീഡിംഗ് 22 ശതമാനം കാണിച്ചാൽ ക്വിന്റലൊന്നിന് അഞ്ചു കിലോഗ്രാം വീതം കർഷകർ കിഴിവു നൽകണം.
മെഷീൻ മാറി, ഈർപ്പം കുറഞ്ഞു
കർഷകരുടെ പ്രതിഷേധം മൂലം പിറ്റേന്നു പാഡി ഓഫീസർ മോയ്സ്റ്റർ മെഷീനുമായി നേരിട്ടുവന്നു. തുടർന്നു നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോൾ 16, 17 എന്നിങ്ങനെ അനുവദനീയ അളവിൽ മാത്രമാണ് റീഡിംഗ് കാണിച്ചതെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ആഴ്ച നെല്ലുസംഭരണം നടന്ന നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന കോഴിച്ചാൽ തെക്ക് പാടശേഖരത്തിലും സമാനമായ രീതിയിൽ തട്ടിപ്പു നടന്നിരുന്നു.
ഏജന്റുമാർ പരിശോധിച്ചപ്പോൾ ഈർപ്പത്തിന്റെ അളവ് 24 ശതമാനം ആയിരുന്നു. ഇതോടെ ഏഴു കിലോഗ്രാം കിഴിവ് വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
കർഷകർ പരാതിപ്പെട്ടതോടെ ഉച്ചകഴിഞ്ഞ് പാഡി ഓഫീസിൽനിന്നു മെഷീൻ കൊണ്ടുവന്നു പരിശോധിച്ചപ്പോൾ ഈർപ്പത്തിന്റെ അളവ് വെറും 17.7 ശതമാനം. തുടർന്ന് ഒന്നര കിലോഗ്രാം കിഴിവിലാണ് നെല്ലു സംഭരിച്ചത്.
വിളവെടുത്ത നെല്ല് മഴയിൽ നശിക്കാതെ എത്രയും വേഗത്തിൽ സംഭരിക്കണമെന്ന് ആഗ്രഹിക്കുന്ന കർഷകർ, തർക്കത്തിനു നിൽക്കാതെ എന്തു നഷ്ടം സഹിച്ചും നെല്ലു കൊടുക്കാൻ നിർബന്ധിതരാകുന്നതാണ് ചൂഷകർക്കു വളമാകുന്നത്.
പാടശേഖര സമിതികൾ മെഷീൻ വാങ്ങണം
നെല്ലുസംഭരണത്തിൽ കിഴിവിന്റെ പേരിലുള്ള തട്ടിപ്പ് നടക്കാതിരിക്കണമെങ്കിൽ കർഷകർ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥരുടെ നിർദേശം.
ഈർപ്പ പരിശോധന കുറ്റമറ്റതാക്കാൻ നൂറേക്കറിലധികം വരുന്ന പാടശേഖരസമിതികൾ സ്വന്തമായി മോയ്സ്റ്റർ മെഷീൻ വാങ്ങുന്നതു നല്ലതാണ്.
19,000 രൂപ മാത്രമാണ് ഇതിന്റെ വില. ഓരോ പാടശേഖരവും ലക്ഷങ്ങൾ പല കാര്യത്തിനായി ചെലവിടുന്നുണ്ട്. അതിനൊപ്പം മോയിസ്റ്റർ മെഷീൻ വാങ്ങിയാൽ വലിയ പ്രയോജനം ചെയ്യും.
നെല്ലു തൂക്കുന്ന ഇലക്ട്രോണിക് ത്രാസുകളും ഓരോ പാടശേഖരങ്ങൾക്കും വാങ്ങാവുന്നതാണ്. ഓരോ കൃഷിഭവനുകൾക്കും സർക്കാർ ഇത്തരം ത്രാസുകൾ നൽകിയാലും ഒരു പരിധിവരെ പരാതികൾ ഒഴിവാക്കാം.
കഴിഞ്ഞ ദിവസം കുട്ടനാട്ടിലെത്തിയ കൃഷിമന്ത്രിയുടെ ശ്രദ്ധയിൽ പാഡി മാർക്കറ്റിംഗ് ഓഫീസർ ഇക്കാര്യം പെടുത്തിയിരുന്നു.