ഒരു ജോസ് കാരണം പുലിവാലു പിടിച്ചതിന്റെ നാണക്കേടിലും വിഷമത്തിലുമാണ് മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ബി.എല്‍. കോലിയൂര്‍. ജോസ് എന്ന് പേരുള്ള ഒരാളുടെ ദയനീയ സ്ഥിതി പറഞ്ഞറിഞ്ഞ് മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ബി.എല്‍ കോലിയൂര്‍ ഫേസ്ബുക്കില്‍ ഇവരുടെ അവസ്ഥ പോസ്റ്റ് ചെയ്തിരുന്നു. ഒരു യാത്രയ്ക്കിടെയാണ് അരുണ്‍ ജോസിനെ പരിചയപ്പെടുന്നതും ദയനീയാവസ്ഥ അറിയുന്നതും. ഇതോടെ നിരവധി പേര് പോസ്റ്റില്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് തുക ഇട്ടുകൊടുത്തു. അരുണിനെ അറിയാവുന്ന മാധ്യമപ്രവര്‍ത്തകരില്‍ പലരും അത് ഷെയര്‍ ചെയ്തു, പലരും റീഷെയര്‍ ചെയ്തു. നല്ല സംഖ്യ ജോസ് എന്ന് പേരുള്ള അയാളുടെ അക്കൗണ്ടില്‍ എത്തുകയും ചെയ്തു. മകള്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന വിവരം പറഞ്ഞുകൊണ്ട് അരുണ്‍ വീണ്ടും പോസ്റ്റിടുകയും ചെയ്തു. ഇതോടെ പണം കൊടുത്തവരും ഹാപ്പിയായി.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. ജോസിനെ നേരിട്ട് കണ്ട് സഹായം നല്കാന് ഒരുകൂട്ടര്‍ പുറപ്പെട്ടു. എന്നാല്‍ ജോസിന്റെ നാട്ടിലെത്തിയപ്പോഴാണ് അവര്‍ക്ക് കള്ളക്കള്ളി മനസിലാകുന്നത്. സഹായം നല്‍കാനെത്തിയവര്‍ വന്നപ്പോള്‍ ജോസ് ഒരു ഷാപ്പില് നിന്ന് ഇറങ്ങിവരുകയാണ്. കുട്ടിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഏതു കുട്ടിയെന്നായി ജോസ്. അപ്പോഴാണ് നാട്ടുകാരായ ചിലരോട് വന്നവര്‍ വിവരമാരായുന്നത്. ജോസ് ആളു തരികിടയാണെന്നും ഇതേ കാര്യം പറഞ്ഞ് പലരുടെ കൈയില്‍നിന്നും പണം തട്ടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് ഇപ്പോള്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തട്ടിപ്പുകാരനെ പിടിക്കാന്‍ പ്രാദേശികമായി പൊതുപ്രവര്‍ത്തകര്‍ ഇപ്പോള്‍ സംഘടിച്ചിട്ടുണ്ട്. അരുണ്‍ പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. മനസിന്റെ നന്മകൊണ്ട് മാത്രം അരുണ്‍ ഈ കള്ളക്കഥയില്‍ വീണുപോയതാണ്. നേരിട്ടും അല്ലാതെയും ആ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ വേഗം ഡിലീറ്റ് ചെയ്യുക. ഇനിയും സ്നേഹിതര്‍ കബളിപ്പിക്കപ്പെടാതെ നോക്കുക. ഈ വിവരം കൈമാറുകയെന്നാണ് അരുണും സുഹൃത്തുക്കളും ഇപ്പോള്‍ പറയുന്നത്.