കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍നിന്ന് 4.08 കോടി രൂപ കവര്‍ന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്കു പോകും. രാജസ്ഥാൻ സ്വദേശിയും കോഴിക്കോട് സ്ഥിരതാമസക്കാരനുമായ ഡോക്ടറില്‍ നിന്നു പലതവണയായാണു പണം തട്ടിയെടുത്തത്.
വ്യാജ ആത്മഹത്യാക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചുകൊടുത്ത് സഹതാപം പിടിച്ചുപറ്റിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഓപ്പറേഷന്. രാജസ്ഥന് സംഘമാണു തട്ടിപ്പ് നടത്തിയത്. തട്ടിപ്പുസംഘത്തിന്റെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ഒരു സംഘമാളുകൾ പോലീസുകാരായും സ്ഥലത്തെ പ്രമാണിമാരായും മറ്റും ചമഞ്ഞു നടത്തിയ തന്ത്രപരമായ നീക്കത്തിൽ വീണുപോയ ഡോക്ടര്‍ അവസാനം വീട്ടുകാർ അറിയാതെ സ്വർണം പണയം വച്ചും പണം നൽകി. ഒടുവിൽ ഭാര്യയുടെയും മകന്റെയും ഇടപെടലിനെ തുടർന്നു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞു പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് രാജസ്ഥാൻ സ്വദേശിയായ അമിത് ജെയിൻ എന്നയാൾ പരാതിക്കാരനായ ഡോക്ടറെ ബന്ധപ്പെട്ടത്. പരാതിക്കാരനെ വലയിലാക്കാനും ഭീഷണിപ്പെടുത്താനും ജാതിയും വർഗീയതയും മറയാക്കിയതിനൊപ്പം വ്യാജ ആത്മഹത്യയും തട്ടിപ്പു സംഘം മെനഞ്ഞു.
വാട്സാപ്പ് വഴിയും ഫോണ്‍ വഴിയും പരാതിക്കാരനെ ബന്ധപ്പെട്ട് തനിക്ക് കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടുവെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞാണ് രാജസ്ഥാൻ സ്വദേശി ആദ്യം സാന്പത്തിക സഹായം അഭ്യർഥിച്ചത്.
ഇതു സത്യമാണെന്നു വിശ്വസിപ്പിക്കാൻ വ്യാജമായി സൃഷ്ടിച്ച ഫോട്ടോകളും മറ്റു വിവരങ്ങളും അയച്ചുകൊടുത്തു. ഇതു സത്യമാണെന്നു ധരിച്ച് ഡോക്ടര്‍ ആദ്യം 5,000 രൂപയാണ് അയച്ചു നൽകി. പിന്നീട് ഭാര്യ പ്രസവിച്ചെന്നും കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണെന്നും ഗ്യാസ്, വൈദ്യുതി ചാർജ് അടക്കാൻ സഹായം വേണമെന്നുമൊക്കെ പറഞ്ഞ് പണം വാങ്ങിക്കൊണ്ടിരുന്നു.
തന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം വിൽപന നടത്തി പണം തിരികെ തൽകാമെന്നും പറഞ്ഞിരുന്നു. വിൽപനയ്ക്കുള്ള സ്ഥലത്ത് ഇതര സമുദായത്തിൽ പെട്ട അനധികൃത താമസക്കാരുണ്ടെന്നും ഇവരെ ഒഴിപ്പിക്കാനെന്നും വിശ്വസിപ്പിച്ചും ലക്ഷങ്ങൾ വാങ്ങി. സ്വർണം പണയപ്പെടുത്തി ബാങ്കിൽനിന്നു വായ്പയെടുത്തു വരെ ഡോക്ടർ പണം അയച്ചുകൊടുത്തു. സാന്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ മകൻ കാര്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്നു വ്യക്തമായത്.