കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തത് 1.9 കോടി രൂപ. കേസുമായി ബന്ധപ്പെട്ട് കലൂര്‍ അശോക റോഡിലുള്ള ടാലന്റ് വിസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട മണിവീണയില്‍ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂര്‍ ശൃംഗപുരം വക്കേക്കാട്ടില്‍ അനീഷ് (45) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
മുപ്പതോളം ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിന് ഇരയായത്.യുകെ, സിംഗപ്പൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് തങ്ങളുടെ കൈവശം വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പ്രതികളുടെ ഉറപ്പിന്മേല് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
ഉദ്യോഗാര്‍ഥികളില്‍നിന്ന് നേരിട്ട് പണം വാങ്ങാതെ ഏജന്റ് വഴി പണം തട്ടിയെടുത്ത പ്രതികള്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പറഞ്ഞിരുന്ന അവധികളെല്ലാം കഴിഞ്ഞിട്ടും വിസയുടെ പ്രോസസിംഗ് നല്ക്കുകയോ വിസ ലഭിക്കുകയോ ചെയ്യാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ സിംഗപ്പൂരിലേക്കുള്ള വിസ ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് 30 ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജമായി ഉണ്ടാക്കിയ വിസ വാട്സ് ആപ്പ് മുഖാന്തിരം അയച്ചു കൊടുത്തു. തുടര്‍ന്ന് വിമാന ടിക്കറ്റും പ്രതികള്‍ അയച്ചുകൊടുത്തു.
ഉദ്യോഗാര്‍ഥികള്‍ പലരും തങ്ങള്‍ക്ക് ലഭിച്ച വിമാന ടിക്കറ്റിന്റെ സാധുത പരിശോധിച്ചപ്പോഴാണ് ആ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തതാണെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്ത ഉദ്യോഗാര്‍ഥികളോട് തന്നിരിക്കുന്നത് ഡമ്മി ടിക്കറ്റാണെന്നും എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഉദ്യോഗാര്‍ഥികള്‍ ഇവരെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി സ്ഥലം വിടാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികളെ പിടികൂടുമ്പോള്‍ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നു. നിരവധി ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും വിവിധ തരത്തിലുള്ള സീലുകളും പ്രതികളുടെ പക്കല്‍നിന്നു കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലുള്ള റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയവും അനുഭവസമ്പത്തും ഉപയോഗിച്ചാണ് ഒന്നാം പ്രതി ചിഞ്ചു തട്ടിപ്പിന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.