ആലപ്പുഴ: തിരിച്ചറിയല്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം. ബാങ്കില്‍ നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാത്തവരാണ് ജപ്തി നോട്ടീസ് കിട്ടിയവരില്‍ പലരും. ആറുലക്ഷം രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചാണ് കാവാലത്ത് കടത്തുജോലി ചെയ്യുന്ന ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. മൂന്ന് വര്‍ഷം മുമ്പ് 83000 രൂപ വായ്പയെടുത്തെന്നാണ് ജപ്തി നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഒരു രൂപപോലും വായ്പയെടുത്തിട്ടില്ലെന്നാണ് ഇയാള്‍ ആണയിട്ടു പറയുന്നത്.
നെല്‍ കര്‍ഷക ജോയന്റ് ലയബലിറ്റി ഗ്രൂപ്പില്‍ അംഗമായ ജോസഫ് ആന്റണി, വാസുദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. വായ്പയെടുത്ത അഞ്ചു ലക്ഷം രൂപയില്‍ ഒരു രൂപപോലും ഇവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്ന് മാത്രം. കേസിന്റെ കാര്യത്തിനായി അഭിഭാഷകന് നല്‍കിയ തിരിച്ചറിയല്‍ രേഖ വരെ വായ്പ എടുക്കാനായി അഭിഭാഷകന്‍ ഉപയോഗിച്ചു. തട്ടിപ്പിന് ഇരയായവരില്‍ ഒരാള്‍ ഹൗസ് ബോട്ട് കത്തി നശിച്ച മകന്റെ കേസിന്റെ ആവശ്യത്തിന് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡാണ് അഭിഭാഷകന്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചത്. പിന്നീട് വീട്ടില്‍ ജപ്തി നോട്ടീസ് കയ്യില്‍ കിട്ടിയപ്പോഴാണ് പലരും അറിഞ്ഞത്. പേരിന് ഒരു സ്വയം സഹായ ഗ്രൂപ്പുണ്ടാക്കി ബാക്കിയുള്ളവരുടെയും രേഖകള്‍ വ്യാജമായി വാങ്ങി പകര്‍പ്പെടുത്തായിരുന്നു തട്ടിപ്പ്.
ആറ് അംഗങ്ങളാണ് കര്‍ഷക മിത്രയില്‍ ഉള്ളത്. ഇവരുടെ പേരില്‍ എന്‍സിപി നേതാവ് വെളിയനാട് ബ്ളോക്ക് പഞ്ചായത്ത് അംഗം റോജോ ജോസഫായിരുന്നു വായ്പയെടുത്തത്. ആലപ്പുഴ ബോട്ട് ജെട്ടിയിലെ കാനറാ ബാങ്ക് ശാഖയില്‍ മൊത്തം 186 ഗ്രൂപ്പുകള്‍ക്കാണ് കാര്‍ഷിക വായ്പ നല്‍കിയത്. 54 ഗ്രൂപ്പുകളിലെ 250 പേര്‍ക്കോളം ജപ്തി നോട്ടീസ് വരികയും ചെയ്തു. ഇതില്‍ നിരവധി പേര്‍ക്കാണ് എടുക്കാത്ത വായ്പയില്‍ ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.
വായ്പ നല്‍കുന്നതിലെ ഉദാര വ്യവസ്ഥകള്‍ മറയാക്കി ആയിരുന്നു തട്ടിപ്പ് നടന്നിരിക്കുന്നത്. പ്രസിഡന്റും സെക്രട്ടറിയും എത്തിയാല്‍ ബാങ്കുകള്‍ വായ്പ നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണമെന്നും നടത്താറില്ലെന്ന് മാത്രം. തുടര്‍ന്ന് ഇരകളായവര്‍ സംഘടിച്ചിരിക്കുകയാണ്. തട്ടിപ്പു നടത്തിയ അഭിഭാഷകന്‍ കര്‍ഷകരുടെ പേരിലെടുത്ത പണം ഉടന്‍ തിരിച്ചടയ്ക്കണമെന്ന് കുട്ടനാട് വികസന സമിതി ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാജിയുടെ ഒരു ലക്ഷം രൂപ അഭിഭാഷകന്‍ ബാങ്കിലടച്ചതായും വിവരമുണ്ട്. രണ്ടു വര്‍ഷം മുമ്പും ഇതിനു സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്.