ഇന്ത്യയ്ക്കും മാലദ്വീപിനും ഇടയിലെ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ, നോയിഡയിലെ ഒരു റെസ്റ്റോറന്റ് ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കണ്ടെത്തിയിരിക്കുന്നത് ഒരു വ്യത്യസ്ത മാർഗമാണ്. മാലദ്വീപ് യാത്രകൾ റദ്ദാക്കിയതിന്റെയോ അല്ലെങ്കിൽ ലക്ഷദ്വീപിലേക്കുള്ള അവധിക്കാല ബുക്കിംഗുകൾ നടത്തിയതിന്റെയോ തെളിവ് നൽകുന്നവർക്ക് ഈ റെസ്റ്റോറന്റിൽ നിന്ന് സൗജന്യമായി ചോള ബട്ടൂര ലഭിക്കുന്നതാണ്.
“ദേശസ്നേഹത്തിന്റെ രുചിയുമായി തലയുയർത്തി നിൽക്കൂ! എന്നാണ് റെസ്റ്റോറന്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്. മാലദ്വീപ് മാറ്റി ലക്ഷദ്വീപ് തെരഞ്ഞെടുത്തവരെ ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു! ലക്ഷദ്വീപിലേക്കുള്ള നിങ്ങളുടെ യാത്ര ബുക്ക് ചെയ്യുകയും കൂടാതെ മാലദ്വീപിലേക്കുള്ള നിങ്ങളുടെ യാത്ര റദ്ദാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, സ്ഥിരീകരണ ഇമെയിലുകളോ സന്ദേശങ്ങളോ സഹിതം നിങ്ങളുടെ ടിക്കറ്റുകൾ കാണിക്കുമ്പോൾ ഞങ്ങളുടെ ആകർഷകമായ ചോള ബട്ടൂര സൗജന്യ പ്ലേറ്റ് ആസ്വദിക്കാം! എന്നാണ് ഹോട്ടൽ പറഞ്ഞിരിക്കുന്നത്.
ഓഫർ 2024 ജനുവരി 5 മുതൽ ജനുവരി 22 വരെയാണ്. നോയിഡയിലും ഗാസിയാബാദിലും ഉള്ളവർക്ക് മാത്രമേ ഇത് ലഭ്യമാകൂ. #BoycottMaldives പ്രസ്ഥാനം ഇന്ത്യയിൽ ശക്തി പ്രാപിച്ചതിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾക്ക് മറുപടിയായി ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ തങ്ങളുടെ മാലദ്വീപ് യാത്രകൾ റദ്ദാക്കിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, മാലദ്വീപിലേക്കുള്ള ഹോട്ടൽ ബുക്കിംഗുകൾ കുറയുകയും വിമാന ടിക്കറ്റുകളുടെ റദ്ദാക്കലുകളിൽ പ്രകടമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. അതേസമയം, ലക്ഷദ്വീപിലെ അഗത്തി ദ്വീപുകളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ആവശ്യക്കാരേറെയാണ്, മാർച്ച് വരെ ബുക്കിംഗ് ആയിട്ടുണ്ട്.
റെസ്റ്റോറന്റിന്റെ ഉടമ വിജയ് മിശ്ര ലക്ഷദ്വീപിലെ വിനോദസഞ്ചാരം ഉയർത്താനാണ് ഓഫറിലൂടെ ലക്ഷ്യമിടുന്നത്. “ഇത് ബിസിനസ്സ് ചെയ്യുന്നതിൽ മാത്രമല്ല, രാജ്യത്തിനും അതിന്റെ ടൂറിസം മേഖലയ്ക്കും പിന്തുണ കാണിക്കുന്നതിനാണ്,” അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിന് ഇതിനകം തന്നെ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്.