മുമ്പ് പ്രഖ്യാപിച്ച സൗജന്യ കോണ്ടം പദ്ധതി ഫ്രാന്‍സ് നടപ്പാക്കിത്തുടങ്ങി. ഇതേത്തുടര്‍ന്ന് 26 വയസിന് താഴെയുള്ള എല്ലാവര്ക്കും സൗജന്യമായി കോണ്ടം ലഭിക്കും.
ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നീക്കം. പുതുവല്‍സര ദിനത്തിലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് പ്രായപൂര്‍ത്തിയാകാത്തവരിലേക്കും വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും കുറിപ്പടി ഇല്ലാതെ ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വക്താവ് ഒലിവിയര്‍ വെരാന്‍ ട്വീറ്റ് ചെയ്തു.
ഫ്രാന്‍സിലെ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായിരുന്നു.
പുതിയ പ്രഖ്യാപനം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി ലഭിക്കും.
യുവാക്കള്‍ക്കിടയില്‍ ലൈംഗികരോഗങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അതിനാലാണ് തങ്ങള്‍ ഇത്തരമൊരു പ്രതിരോധ വിപ്ലവത്തിന് തുടക്കമിടുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡിസംബറില്‍ പറഞ്ഞിരുന്നു.
നേരത്തേ തന്നെ രാജ്യത്തെ, എസ്ടിഡി സ്ക്രീനിംഗ് സെന്ററുകളിലും ചില സ്കൂള്‍ സെന്ററുകളിലും സൗജന്യ കോണ്ടം ലഭ്യമാണ്.
എയ്ഡ്സും മറ്റ് ലൈംഗികരോഗങ്ങളും വ്യാപിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയത്.
”ഇപ്പോഴും ഈ വിഷയത്തെക്കുറിച്ച് പലര്‍ക്കും കാര്യമായി അറിയില്ല. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് നാം എന്താണോ പഠിക്കുന്നത്, അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യാഥാര്‍ത്ഥ്യം. ഇതേക്കുറിച്ച് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്”, എന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
2020 ലും 2021 ലും രാജ്യത്ത് ലൈംഗികരോഗങ്ങള്‍ ഏകദേശം 30 ശതമാനത്തോളം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്.