ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര് ഇന്ത്യ എക്സ്പ്രസില് ഇനി സൗജന്യ ഭക്ഷണമില്ല. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളില് ലഭ്യമാകുക.
പ്രവാസികള്ക്ക് കുറഞ്ഞ ചെലവില് യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നല്കിയാണ് എയര് ഇന്ത്യ എക്സ്പ്രസ് സര്വീസ് നടത്തി വന്നത്.
എന്നാല് പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെ വലിയ മാറ്റങ്ങള്ക്കാണ് എയര് ഇന്ത്യ സാക്ഷിയായത്. വ്യോമയാന മേഖലയില് വിപണി വിഹിതം വര്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് എയര് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതിന്റെ ഭാഗമായി വിദ്യാര്ത്ഥികള്ക്കും മുതിര്ന്ന പൗരന്മാര്ക്കും നല്കി വന്ന ഇളവുകള് നേരത്തെ എയര് ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തില് നിന്ന് 25 ശതമാനമായാണ് ഇളവുകള് വെട്ടിക്കുറച്ചത്.
ഇതിന് പിന്നാലെയാണ് ഇപ്പോള് സൗജന്യമായി നല്കി വന്ന ഭക്ഷണവും നിര്ത്തലാക്കിയത്.
എന്നാല് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം എയര് ഇന്ത്യയില് ഭക്ഷണസേവനം മെച്ചപ്പെട്ടു. ടാറ്റാ ഗ്രൂപ്പ് അറിയാതെയാണ് സിഇഒ സൗജന്യ ഭക്ഷണം വെട്ടിക്കുറച്ചതെന്ന് ആക്ഷേപവും ഉണ്ട്.
ഇനി മുതല് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുന്കൂറായി അടയ്ക്കണം.
വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തില് മാറ്റം വരുത്തുകയും അനേകം വിഭവങ്ങള് ഉള്പ്പെടുത്തുകയും ചെയ്തു.
കൂടാതെ, വെജിറ്റേറിയന് ആഹാരങ്ങള് കഴിക്കുന്നവര്ക്ക് പ്രത്യേക വിഭവങ്ങള് ഉള്പ്പെടുത്തിയിട്ടുമുണ്ട്. ജൂണ് 22 മുതലാണ് പുതിയ മാറ്റങ്ങള് നിലവില് വരിക.