ഋഷി
തൃശൂർ: ദിവസേന പത്ത് ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകി ഒരു ഹോട്ടൽ മാതൃകയാകുന്നു. തൃശൂർ – ഷൊർണൂർ റോഡിൽ ദയ ആശുപത്രിക്കു മുന്നിലാണ് കാരുണ്യത്തിന്റെ ഈ ഉൗട്ടുപുരയുളളത്. തൃശൂർ ഗിരിജ തീയറ്ററിനു സമീപം റോസ് ഗാർഡൻസിൽ താമസിക്കുന്ന കൊല്ലാറ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കെ.എ.ഫുഡ് ഹബ് എന്ന ഹോട്ടലിലാണ് ദിവസവും പത്ത് ഡയലാസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നത്.
കഴിഞ്ഞ എട്ടുമാസമായി ഒരു ദിവസം പോലും മുടങ്ങാതെ ഇവിടെ ഇത്തരത്തിൽ ഭക്ഷണം വിളന്പുന്നു. ദയ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് പുറമെ തൃശൂരിലെ മറ്റു ഭാഗങ്ങളിൽ നിന്നും നിർധനരായ രോഗികൾ ഇവിടെക്ക് ഭക്ഷണം തേടിയെത്തുന്നുണ്ട്.
പത്ത് ഡയലാസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് ഹോട്ടലിനകത്ത് എഴുതി വെച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പത്തിലധികം പേരെത്താറുണ്ടെന്നും ആരെയും മടക്കി അയക്കാറില്ലെന്നും വിഷ്ണു പറഞ്ഞു. മരിച്ചുപോയ മുത്തശ്ശി കൂട്ടാല കൗസല്യയുടെ ഓർമക്കായി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യംതുടങ്ങിയതെന്ന് വിഷ്ണു പറഞ്ഞു. നേരത്തെ അച്ഛൻ ഹോട്ടൽ-കാന്റീൻ ബിസിനസ് നടത്തിയപ്പോഴും പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകിയിരുന്നുവെന്ന് വിഷ്ണു കൂട്ടിച്ചേർത്തു.
യാതൊരു പ്രചാരണവും തങ്ങളുടെ ഈ സൽകർമത്തിന് ഇവർനൽകുന്നില്ല. ഹോട്ടലിൽ ഭക്ഷണം കഴക്കാൻ കയറുന്പോൾ മാത്രമാണ് ഇത്തരമൊരു നന്മയുടെ സേവനം ഇവിടെയുണ്ടെന്ന് അറിയാൻ കഴിയുക. ഡയാലിസിസിന് എത്തുന്നവരെ കണ്ടാൽ പെട്ടന്ന് മനസിലാകുമെന്നും പലരും ക്ഷീണിച്ചിരിക്കുമെന്നും വിഷ്ണു പറഞ്ഞു. ഡയലാസിസ് രോഗികൾ എത്തിയാൽ സൗജന്യമായി ഭക്ഷണം നൽകണമെന്ന് ഹോട്ടലിലെ എല്ലാ ജീവനക്കാർക്കും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാവിലെ ഏഴിന് തുറന്ന് രാത്രി 12ന് അടയ്ക്കുന്ന ഈ ഹോട്ടലിൽ ഏതുനേരം ചെന്നാലും ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഭക്ഷണം ലഭിക്കും. അവർക്ക് അധികമൊന്നും ഭക്ഷണം കഴിക്കാൻ കഴിയില്ല. എണ്ണമയമുളള ഭക്ഷണം അധികം കഴിക്കാൻ പറ്റില്ല. എങ്കിലും അവർക്കിഷ്ടമുള്ള ഭക്ഷണം ഞങ്ങൾ നൽകും. ചിലർ ഡയലാസിസ് രോഗികളാണെന്ന് മടിമൂലം പറയാറില്ല. അവരെ കണ്ട് മനസിലായാൽ ഞങ്ങൾ അവർ കഴിച്ചതിന്റെ ബിൽ എടുക്കാറില്ല-വിഷ്ണു പറഞ്ഞു.
സാന്പത്തികമായി നല്ല നിലയിലുള്ളവർ ഹോട്ടലിലെത്തി ഇക്കാര്യമറിയുന്പോൾ ഡയാലിസിസ് രോഗികൾക്ക് നൽകാൻ പണം തരാൻ സന്നദ്ധരാകാറുണ്ടെങ്കിലും അത്തരം സാന്പത്തിക ഇടപാടുകൾ സ്വീകരിക്കാറില്ലെന്നും ചിലർ ഹോട്ടലിലെ ക്യാഷ്കൗണ്ടറിലുള്ള ചാരിറ്റി ബോക്സിൽ പണം നിക്ഷേപിക്കാറുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
ഹോട്ടലിനകത്ത് ഇപ്പോൾ വെച്ചിട്ടുള്ള ഡയലാസിസ് രോഗികൾക്ക് സൗജന്യഭക്ഷണം നൽകുമെന്ന അറിയിപ്പുള്ള ബോർഡ് വൈകാതെ നീക്കംചെയ്യുമെന്നും ആളുകൾ അറിഞ്ഞുവന്നുതുടങ്ങിയാൽ പിന്നെ ബോർഡിന്റെ ആവശ്യമില്ലെന്നും വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ നൻമനിറഞ്ഞ ഈ യാത്രയിൽ വീട്ടുകാരും ഹോട്ടലിലെ ജീവനക്കാരും എല്ലാ പിന്തുണയുമേകി ഒപ്പമുണ്ട്. ദയക്കു മുന്നിൽ കാരുണ്യത്തിന്റെ ഉൗട്ടുപുരയിൽ മനസിൽ നൻമ വറ്റിയിട്ടില്ലാത്തവർ വിളന്പുന്നത് സ്നേഹത്തിന്റെ വിശുദ്ധിയുള്ള ഭക്ഷണമാണ്.