തിരുവനന്തപുരം: സംസ്ഥാനത്തെ ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കണക്ഷൻ ഇതുവഴി ലഭിക്കും.
പൗരന്മാരുടെ അവകാശമായി ഇന്റർനെറ്റ് പ്രഖ്യാപിച്ച കേരളം, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തു ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതാണ് പദ്ധതി.
കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കണ്‍സോർഷ്യത്തിനാണ് പദ്ധതിയുടെ ടെൻഡർ നൽകിയത്. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങൾ നല്ല നിലയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയും. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് നിലവിൽ വരും.