കോട്ടയം: സർക്കാർ സ്ഥാപനങ്ങൾക്കും ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകൾക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകാത്ത ടെലികോം കന്പനികൾക്കെതിരേ ലോകായുക്ത കേസെടുത്തതായി പരാതിക്കാർ.
രണ്ടായിരത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാനദണ്ഡമനുസരിച്ചു രംഗത്തു വന്ന സ്ഥാപനത്തിനെതിരേയാണു പരാതി ഉന്നയിച്ചത്. സംസ്ഥാനത്തെ റോഡുകളിൽ കൂടി ഫൈബർ ഒപ്റ്റിക് കേബിളുകൾ വലിക്കുന്നതിനും ഇന്റർനെറ്റ് സംവിധാനം സ്ഥാപിക്കുന്നതിനുമാണു കന്പനിക്ക് അനുമതി നൽകിയത്.
വാടകയില്ലാതെ 15 വർഷത്തേക്കു കേബിൾ വലിക്കാമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കേബിൾ നെറ്റ്വർക്ക് കടന്നുപോകുന്ന റോഡിനു സമീപമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ഗവണ്മെന്റും എയ്ഡഡുമായുള്ള എല്ലാ സ്കുളുകൾക്കും സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ഒരുക്കാൻ എതിർകക്ഷിക്കു ബാധ്യതയുണ്ടെന്നു വ്യവസ്ഥയുണ്ടായിരുന്നതായി പരാതിക്കാർ പറയുന്നു.
പരാതി പരിഗണിച്ച ലോകായുക്ത കേസെടുക്കുകയായിരുന്നു. പത്രസമ്മേളനത്തിൽ പരാതിക്കാരനായ ആലപ്പുഴ സ്വദേശി ബേബി പാറക്കാടൻ, പി.പി. ജോസഫ് എന്നിവർ പങ്കെടുത്തു.