കൊച്ചി: സൗജന്യ യാത്രയും പുത്തൻ യാത്രാ പാസുകളുമായി ഓഫറുകളുടെ പെരുമഴക്കാലം സമ്മാനിച്ച് കൊച്ചി മെട്രോയുടെ ഒന്നാം വാർഷികം ജനകീയ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ).
കഴിഞ്ഞ ഒരുവർഷക്കാലം മെട്രോയ്ക്കൊപ്പം നിന്ന യാത്രക്കാർക്കും കൊച്ചിക്കും നന്ദിസൂചകമായി 19ന് സൗജന്യ യാത്രയാണ് കെഎംആർഎൽ സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം യാത്രക്കാർ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന യാത്രാ പാസുകളുടെ അവതരണവും വാർഷികാഘോഷത്തോടനുബന്ധിച്ചുണ്ടാകും.
2017 ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ സ്മരണയെന്നോണമാണ് ഫ്രീ റൈഡ് ഡേ എന്ന പേരിൽ സൗജന്യയാത്ര ഒരുക്കുന്നത്. അന്നു പുലർച്ചെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി പത്തിനു സർവീസ് അവസാനിക്കുന്നതുവരെ ആർക്കും മെട്രോയിൽ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം.
ഇതുവരെ മെട്രോയിൽ കയറിയിട്ടില്ലാത്തവർക്കു അതിനവസരമൊരുക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് വാർഷികാഘോഷ പരിപാടികൾ വിശദീകരിക്കാൻ കെഎംആർഎൽ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
മെട്രോ ആരംഭിച്ചതു മുതലുള്ള യാത്രക്കാരുടെ ആവശ്യമായിരുന്ന സീസണ് ടിക്കറ്റും ദിവസ പാസ് സൗകര്യവും വാർഷികാഘോഷ ചടങ്ങിൽ അവതരിപ്പിക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണു സീസണ് ടിക്കറ്റ്.
വിനോദ സഞ്ചാരികൾക്കും മെട്രോ കാണാൻ ആഗ്രഹിക്കുന്നവർക്കുമായാണു ദിവസപാസുകൾ ഒരുക്കുന്നത്. പാസിന്റെ നിരക്ക് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. അതേസമയം, സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ വിദ്യാർഥികൾക്കു കണ്സഷൻ നൽകുന്നത് ആലോചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ യാത്രക്കാർക്ക് ഉദ്ഘാടനവേദിയിൽ അവതരിപ്പിച്ച കൊച്ചി വണ്‍ സ്മാർട്ട് കാർഡ് സൗജന്യമായി ലഭ്യമാക്കാനുള്ള അവസരവും വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 15 മുതൽ 30 വരെ സ്മാർട്ട് കാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ വില നൽകേണ്ട. റീ ചാർജ് തുകയായ 12 രൂപ നൽകിയാൽ കാർഡ് സ്വന്തമായി കിട്ടും. നിലവിൽ 237 രൂപയാണ് കാർഡിന് ഈടാക്കുന്നത്.