നമ്മുടെ ഡാറ്റ ചോരാതെ പരിധികളില്ലാതെ വൈഫൈ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കിയേ. സോഷ്യൽ മീഡിയ വളരെയധികം സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഫ്രീ വൈഫൈ കിട്ടിയിൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. എന്നാൽ ഇത് അത്ര സുരക്ഷിതമല്ലന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇന്നത്തെ കാലത്ത് ഫോണിലേക്ക് ഒരു ഒടിപി പോലും അയക്കാതെ പണം തട്ടുന്ന സംഘങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഫ്രീയായി കിട്ടുന്ന വൈഫൈ ഉപയോഗിക്കരുതെന്ന് പോലീസ് പറയുന്നത്.
ഫ്രീ ഹോട്ട്സ്പോർട്ടുകൾ മൊബൈൽ ഫോണുമായി കണക്ട് ചെയ്ത് യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കരുതെന്നും കർശന നിർദേശമുണ്ട്.
ഏത് വിധേനയും മറ്റുള്ളവരുടെ സ്വകാര്യതയിൽ നുഴഞ്ഞ് കയറാൻ കഴിയുന്നവരാണ് ഹാക്കർമാർ. ഫ്രീ വൈഫൈ എന്ന ഓഫർ വഴി ധാരാളം ഇരകളെ ഇവർ കെണിയിൽ വീഴ്ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
സൗജന്യമായി കിട്ടുന്ന പരിചയമില്ലാത്ത ഹോട്ട്സ്പോട്ടുവഴി ചെയ്യുന്ന യുപിഐ ഇടപാടുകളോ, ഇന്റർനെറ്റ് ബാങ്കിംഗോ നിങ്ങളുടെ സ്വകാര്യ പാസ്വേഡുകളും അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർക്ക് എളുപ്പത്തിൽ ലഭിക്കാനുള്ള മാർഗമാണ്.