പേരാമംഗലം: ഫ്രീക്കന്മാർ സൂക്ഷിക്കുക, നിങ്ങൾ കർശന നിരീക്ഷണത്തിലാണ്. നിങ്ങളുടെ ന്യൂജെൻ കസർത്തൊന്നും നിങ്ങളുടെ വണ്ടികളോടു വേണ്ട..! ഫാൻസി നന്പറിനു പിന്നാലെ കാശുകൊടുത്തു കാത്തുകെട്ടി കിടക്കുന്നവരെ കണ്ടിട്ടുണ്ട്..
എന്നാൽ നന്പറേതായാലും ഫ്രീക്കൻ നന്പർ പ്ലേറ്റുകളുമായി കറങ്ങുന്ന ന്യൂജെൻ കാലമാണിതെന്നു അധികൃതരുടെ കണ്ടെത്തൽ. വാഹന പരിശോധനയ്ക്കിടെ വ്യാഴാഴ്ച പേരാമംഗലം പോലീസിന്റെ പിടിയിലായത് ആറ് ആഡംബര ബൈക്കുകൾ. കുറ്റകൃത്യങ്ങൾക്കു നൂറു ശതമാനം തെളിവില്ലാത്ത ബൈക്കും പോലീസ് പിടികൂടി.
ബൈക്കിന്റെ നന്പർ പ്ലേറ്റ് ചെറിയ രീതിയിൽ തട്ടിയാൽ സീറ്റിനടിയിലെ മാഗ്നറ്റിൽ പതിഞ്ഞ് നന്പർ പ്ലേറ്റ് അപ്രത്യക്ഷമാകും. പാർക്കിംഗ് സമയത്ത് നന്പർ പ്ലേറ്റ് നിവർത്തിവയ്ക്കുകയും യാത്ര ചെയുന്പോൾ സീറ്റിനടിയിലേക്കു മറയ്ക്കുകയും ചെയ്യും.
മുൻഭാഗത്തു നന്പർ പ്ലേറ്റ് ഉള്ളതും പിൻഭാഗത്തു നന്പർ പ്ലേറ്റ് ഇല്ലാത്തതുമായ മൂന്ന് ബൈക്കുകൾ കസ്റ്റഡിയിലുണ്ട്. ആർസി ബുക്കിൽ കറുത്ത നിറമുള്ള ബൈക്കിന്റെ നിറംമാറ്റി കിളിപ്പച്ചയാക്കി, പിറകിൽ നന്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കും കസ്റ്റഡിയിലുണ്ട്.
ജില്ലയിൽ വർധിച്ചുവരുന്ന മാലമോഷണങ്ങൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ഈ വാഹനങ്ങൾക്കു പങ്കുണ്ടോ എന്നു പോലീസ് അന്വേഷിച്ചു വരികയാണ്. തുടർന്നും ഇത്തരം ബൈക്കുകൾക്കായുള്ള പരിശോധനയിലാണ് പോലീസ്. തുടർനടപടികൾക്കുശേഷം മോട്ടോർ വെഹിക്കിൾ വിഭാഗത്തിനു വാഹനങ്ങൾ കൈമാറും.
വ്യാഴാഴ്ച നടത്തിയ വാഹന പരിശോധനയിൽ നിന്നായി 20,000 രൂപയോളം പിഴ ഈടാക്കി. എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് വാഹനങ്ങൾ പിടികൂടിയത്.