ബുവാനോസ് ആരീസ്: 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം അർജന്റീനയ്ക്ക് സമ്മാനിച്ച ലയണൽ മെസി ഖത്തറിൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങി. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോളിൽ അർജന്റീനയ്ക്കു ജയം.
78-ാം മിനിറ്റിൽ മെസി നേടിയ ഫ്രീകിക്ക് ഗോളിൽ അർജന്റീന 1-0ന് ഇക്വഡോറിനെ കീഴടക്കി. സ്റ്റേഡിയത്തിൽ ആർത്തിരന്പിയ 83,000 കാണികളുടെ കണ്ണിനാന്ദമേകി ഡി സർക്കിളിനു പുറത്തുവച്ചു ലഭിച്ച ഫ്രീകിക്ക്, മെസി വളച്ച് വലയിലാക്കുകയായിരുന്നു.
2026 ഫിഫ ലോകകപ്പിനായുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ അർജന്റീനയ്ക്കു പിന്നാലെ കൊളംബിയയും ജയം സ്വന്തമാക്കി. 1-0ന് വെനസ്വേലയെയാണ് കൊളംബിയ കീഴടക്കിയത്. പരാഗ്വെയും പെറുവും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ബെക്കാമിനൊപ്പം മെസി
ഇക്വഡോറിനെതിരായ ഫ്രീകിക്ക് ഗോളോടെ ഇംഗ്ലീഷ് മുൻ താരം ഡേവിഡ് ബെക്കാമിനൊപ്പവും ലയണൽ മെസിയെത്തി. ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോൾ എന്നതിൽ ബെക്കാമിനൊപ്പം മെസി അഞ്ചാം സ്ഥാനം പങ്കിടുകയാണ്.
മെസിയുടെ നിലവിലെ ക്ലബ്ബായ ഇന്റർ മയാമിയുടെ സഹ ഉടമയാണ് ബെക്കാം. ഇക്വഡോറിനെതിരേ നേടിയത് മെസിയുടെ കരിയറിലെ 65-ാം ഫ്രീകിക്ക് ഗോളാണ്. മെസിയുടെ ചിരവൈരിയായ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കരിയറിൽ 60 ഫ്രീകിക്ക് ഗോൾ മാത്രമാണുള്ളത്.
2023ൽ മെസിയുടെ അഞ്ചാം ഫ്രീകിക്ക് ഗോളാണ്. അർജന്റീനയ്ക്കായി മെസിയുടെ ഫ്രീകിക്ക് ഗോൾ എണ്ണം 11 ആയി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കായി മെസി നേടുന്ന നാലാം ഫ്രീകിക്ക് ഗോളാണിത്.
രാജ്യാന്തര കരിയറിൽ മെസിയുടെ ഗോൾ നേട്ടം ഇതോടെ 104ൽ എത്തി. 176 മത്സരങ്ങളിൽനിന്നാണിത്. 108 ഗോൾ നേടിയ ഇറാന്റെ അലി ദേയി, 123 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് മെസിക്ക് മുന്നിൽ.