യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസിമും പ്രണവുമെല്ലാം കാരണം വലയുന്നത് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 10940 ഓളം വരുന്ന മറ്റ് ഉദ്യോഗാര്‍ത്ഥികളാണ്. കുറേ കുട്ടി സഖാക്കളുടെ തട്ടിപ്പ് മറ്റുള്ളവരുടെയും ഭാവിയെ ബാധിക്കുകയാണ്.ക്രമക്കേട് പിഎസ്സി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ റാങ്ക് ലിസ്റ്റിലെ നിയമനം മരവിപ്പിച്ചിരിക്കയാണ്. രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റില്‍ കയറിക്കൂടിയ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്.
30.12.2017 ലെ ഗസറ്റ്, കാറ്റഗറി നമ്പര്‍:657/2017 നോട്ടിഫിക്കേഷന്‍ പ്രകാരം കേരള പൊലീസിലെ 7 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുകയും, നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ടരലക്ഷത്തിലധികം യുവാക്കള്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ 22-ാം തീയതി ഒ. എം. ആര് പരീക്ഷ നടത്തി, 2019 ഏപ്രില്‍ 1,2 തീയതികളിലായി 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിക്കയായിരുന്നു.
ഇതിനെ തുടര്‍ന്ന് ബറ്റാലിയന് അടിസ്ഥാനത്തില്‍ വിവിധങ്ങളായ ഗ്രൗണ്ടുകളുടെ ലഭൃതയുടെ അടിസ്ഥാനത്തില്‍ വണ്‍ സ്റ്റാര്‍ നിലവാരത്തിലുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തി, ശേഷം സര്‍ട്ടഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയാക്കി 01.07.2019ന് 10940 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ച് നിയമന നടപടികളിലേക്ക് കടക്കുകയായിരുന്നു.അപ്പോഴാണ് ി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതും നിയമനം മരവിപ്പിച്ചതും.
പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലെ ആയിരത്തിലധികം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയെയാണ് ഇവിടെ ഇല്ലാതാക്കുന്നത്. ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ സത്യസന്ധമായ രീതിയില്‍ വളരെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ എത്തിയവരെ സംബന്ധിച്ച് ഈ മരവിപ്പിക്കല്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. പലര്‍ക്കും അത് അവസാന അവസരമാണെന്നതാണ് മറ്റൊരു കാര്യം .പ്രായപരിധി കഴിയാറായി നില്‍ക്കുന്നവരാണ് പലരും. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരുടെ മുന്നിലുള്ള ഏക ആശ്രയം കൂടെയാണ് പിഎസ്സി നിയമനം. മൂന്ന് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് പലരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതിനിടയിലാണ് അവസാന നിമിഷം നിയമനം മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്.
അതേസമയം 2019 ജൂണ്‍ 1ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന് ഒരു വര്‍ഷം മാത്രമാണ് കാലാവധിയുള്ളത്. ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടിരിക്കുന്നു. ഇതും ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുകയാണ്. ഓഗസ്റ്റ് 12-ാം തീയതി മുതല്‍ നിയമന ശുപാര്‍ഷകള്‍ നല്കി തുടങ്ങുമെന്നാണ് തീരുമാനിച്ചിരുന്നത് എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് റാങ്ക് ലിസ്റ്റ മരവിപ്പിക്കുകയായിരുന്നു. റാങ്ക് ലിസ്റ്റിലുള്ള ആദ്യ 100 റാങ്കുകാരുടെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതിന് ശേഷം നിയമന നടപടികള്‍ പരിഗണിക്കാം എന്നാണ് പി എസ് സി അറിയിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റില്‍ ക്രമക്കേടിലൂടെ മറ്റ് ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് പിഎസ്സി, യുപിഎസ്സി തുടങ്ങിയ പരീക്ഷകളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തികൊണ്ട്. റാങ്ക് ലിസ്റ്റില്‍ സത്യസന്ധമായ രീതിയില്‍ കടന്ന കൂടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്രയും വേഗം നിയമനം നല്‍കണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്സിന്റെ ആവശ്യം. ഇത്രയൊക്കെ ആയെങ്കിലും പി എസ് സിയിലുള്ള വിശ്വാസം ഇപ്പോഴും നഷ്ടമായിട്ടില്ലെന്നും .
പി എസ് സി പെട്ടെന്നു തന്നെ ഇതില്‍ പരിഹാരം കാണുമെന്ന് തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം. നിയമനം മരവിപ്പിച്ചടിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക വലിയ മാനസിക പിരിമുറുക്കമാണ് ഉണ്ടായിരിക്കുന്നത്. പലരും അത് മാത്രം മുന്നില്‍ കണ്ട് വര്‍ഷങ്ങളായി പ്രയത്നിക്കുന്നവരാണ്. അവസാന പ്രതീക്ഷ നഷ്ടപ്പെടുന്നത് ഉദ്യോഗാര്‍ത്ഥികളെ ആത്മഹത്യ പ്രവണതയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വളരെ പെട്ടന്നു തന്നെ ഇതില്‍ ഒരു തീരുമാനം വന്നില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ കാര്യം കഷ്ടത്തിലാകുമെന്നാണ് റാങ്ക്ഹോള്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. ഇതിനെതിരെ പ്രക്ഷോഭ സമരത്തിന് നീങ്ങാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.