നിയാമി: നൈജർ പ്രതിസന്ധി രൂക്ഷമാകുന്നു. നൈജറിൽനിന്നു തങ്ങളുടെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും പൗരന്മാരെ ഫ്രാൻസ് ഒഴിപ്പിച്ചുതുടങ്ങി. നൈജറിലെ ഫ്രഞ്ച് എംബസിക്കു നേർക്ക് ഈയിടെ ആക്രമണമുണ്ടായതിനു പിന്നാലെയാണു ഫ്രാൻസ് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്.
ആയിരക്കണക്കിനു ഫ്രഞ്ച് പൗരന്മാർ നൈജറിലുണ്ട്. മുന്‍പ് ഫ്രാൻസിന്റെ കോളനിയായിരുന്നു നൈജർ. ഫ്രഞ്ചുകാരും മറ്റു യൂറോപ്യൻ പൗരന്മാരും തലസ്ഥാനത്തെ ഹോട്ടലുകളിലാണു കഴിയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണു പ്രസിഡൻഷ്യൽ ഗാർഡുകൾ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി ഭരണം പിടിച്ചെടുത്തത്. പ്രസിഡൻഷ്യൽ ഗാർഡുകളുടെ തലവൻ ജനറൽ അബ്ദുറഹ്മാൻ ചിയാനി രാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ, നൈജറിലെ പട്ടാളഭരണകൂടത്തിനു പിന്തുണയുമായി മാലി, ബുർക്കിനോ ഫാസോ എന്നീ രാജ്യങ്ങളിലെ പട്ടാളഭരണകൂടങ്ങൾ രംഗത്തെത്തി.
നൈജറിനെതിരേയുള്ള ഏതു സൈനിക നടപടിയും മാലിക്കും ബുർക്കിനോ ഫാസോയ്ക്കും എതിരേയുള്ള യുദ്ധമായി കണക്കാക്കുമെന്ന് മാലി മന്ത്രി കേണൽ അബ്ദുലായേ മയിഗ മാലിയൻ പ്രസ്താവിച്ചു.
പ്രസിഡന്റ് ബാസൂമിനെ ഒരാഴ്ചയ്ക്കകം ഭരണത്തിൽ തിരികെ പ്രതിഷ്ഠിച്ചില്ലെങ്കിൽ സൈനികനടപടി സ്വീകരിക്കുമെന്ന്, നൈജർ ഉൾപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇക്കോവാസ്’ ഞായറാഴ്ച പട്ടാളഭരണകൂടത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
സാന്പത്തിക ഉപരോധങ്ങളും ചുമത്തിയിട്ടുണ്ട്. അതി ദരിദ്രരാജ്യമായ നൈജര്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണു മുന്നോട്ടുപോകുന്നത്.