പാരീസ്: ഈ സീസണില്‍ ഇരട്ടക്കിരീടമെന്ന ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്മയിന്റെ മോഹം തകര്‍ന്നു. ഫ്രഞ്ച് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ലീഗ് വണ്‍ ചാമ്പ്യന്മാരെ സ്റ്റേഡ് റെന്‍ 6-5ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. മുഴുവന്‍ സമയത്തും അധിക സമയത്തും 2-2ന്റെ സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. കഴിഞ്ഞ നാലു തവണയും പിഎസ്ജിയായിയിരുന്നു (2015, 2016, 2017, 2018) ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാര്. മൂന്നാം തവണയാണ് റെന്‍ ഫ്രഞ്ച് കപ്പ് നേടുന്നത്. അതായത് 1971നുശേഷം ആദ്യമായി.
ഡാനി ആല്‍വ്സ്, നെയ്മര്‍ എന്നിവരുടെ ഗോളുകളില്‍ മുന്നില്‍നിന്നശേഷമാണ് പിഎസ്ജിയുടെ ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതി പിരിയും മുമ്പ് പ്രിസനല്‍ കിംപെംബേയുടെ സെല്‍ഫ് ഗോള്‍ റെനിനു തിരിച്ചുവരാനുള്ള അവസരമൊരുക്കി. രണ്ടാം പകുതിയില്‍ മെക്സറുടെ റെനിനു സമനില നല്കി.
വിജയഗോളിനായി ഇരുടീമും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു കടുന്നു. എക്സ്ട്രാ ടൈമിലും ഗോളെത്തിയില്ല. ഇതോടെ വിജയികളെ നിര്‍ണയിക്കാന്‍ ഷൂട്ടൗട്ടിലേക്കു കടക്കേണ്ടിവന്നു. ആദ്യ കിക്കെടുത്തത് റെനിയായിരുന്നു. ഷൂട്ടൗട്ടില്‍ ഇരു ടീമും അഞ്ചു കിക്കും വലയിലാക്കി. ആറാമെത്ത കിക്ക് ഇസമായില സര് വലയിലാക്കിയപ്പോള്‍ പിഎസ്ജിയുടെ നിര്‍ണായക കിക്ക് ക്രിസ്റ്റഫര്‍ എന്‍കുന്‍കു നഷ്ടമാക്കി.
എംബാപ്പെയുടെ ചുവപ്പ് കാർഡും നെയ്മറുടെ തല്ലും
തോല്‍വിയിലും പിഎസ്ജിക്ക് ആഘാതമേല്‍പ്പിക്കുന്ന കാര്യങ്ങളുണ്ടായി. അധികം സമയം തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ റെനിന്റെ ഡാ സില്‍വയെ ഫൗള്‍ ചെയ്തതിനു കൈലിയന്‍ എംബാപ്പെയ്ക്കു നേരിട്ട് ചുവപ്പ്കാര്‍ഡ് കിട്ടി.
തോല്‍വിക്കുശേഷം ഡ്രസിംഗ് റൂമിലേക്കു മടങ്ങുന്നതിനിടെ നെയ്മര്‍ ഒരു ആരാധകരെ തല്ലുകയും ചെയ്തതോടെ പിഎസ്ജിക്ക് തോല്‍വിയേല്‍പ്പിച്ച ആഘാതത്തിനു പുറമെ കൂടുതല്‍ നാണക്കേടുണ്ടായി. പിഎസ്ജി കളിക്കാരെ അധിക്ഷേപിച്ചതിനാണ് നെയ്മര്‍ ആരാധകനെ തല്ലിയത്്. അടിച്ചത്് തെറ്റായിപ്പോയതായി ബ്രസീലിയന്‍ താരം സമ്മതിച്ചു.