വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന് ഴാങ് ലുക് ഗൊദാര്ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഗോഡ് ഫാദര് എന്നറിയപ്പെടുന്ന അദ്ദേഹം എഴുത്തുകാരന് ചലച്ചിത്ര നിരൂപകന് എന്നീ നിലകളിലും ലോക പ്രശസ്തനായിരുന്നു.
‘ബ്രെത്ത്ലസ്’ പോലുള്ള ക്ലാസിക് സിനിമകളിലൂടെ ലോക സിനിമയില് തന്നെ വിപ്ലവം കൊണ്ടു വന്ന സംവിധായകനായിരുന്നു ഗൊദാര്ദ്.
1930 ഡിസംബര് മൂന്നിന് പാരീസില് ജനിച്ച ഗൊദാര്ദ് പിന്നീട് സ്വിറ്റ്സര്ലന്ഡിലെ ന്യോണില് തന്റെ വിദ്യാഭ്യാസം ആരംഭിച്ചു.
1949ല് സ്കൂള് വിദ്യാഭ്യാസം കഴിഞ്ഞ് പാരീസിലേക്ക് മടങ്ങിയ അദ്ദേഹം അവിടുത്തെ ചലച്ചിത്ര ക്ലബ്ബുകളില് സജീവമായി. അക്കാലത്ത് വളര്ന്നുവരുന്ന യുവ ചലച്ചിത്ര നിരൂപകരുടെ ഇടയില് ഗൊദാര്ദ് ഏറെ സ്വീകാര്യനായി.
സിനിമയുടെ സ്ഥാപിതമായ പതിവ് രീതികളെ ലംഘിച്ച് അദ്ദേഹം ഹാന്ഡ്ഹെല്ഡ് കാമറ വര്ക്ക്, ജംപ് കട്ടുകള്, അസ്തിത്വപരമായ സംഭാഷണങ്ങള് എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്ര നിര്മാണ ശൈലിക്ക് തുടക്കം കുറിച്ചു.
ഫ്രാന്സ്വാ ത്രൂഫോ, ക്ലോദ് ഷബ്രോള്,ഷാക് റിവറ്റ്, എറിക് റോമര് തുടങ്ങിയവര്ക്കൊപ്പം ഗൊദാര്ദ് തുടക്കമിട്ട ഫ്രഞ്ച് ന്യൂവേവ് സിനിമ ലോക സിനിമ ചരിത്രത്തില് തന്നെ മാറ്റത്തിന്റെ വെളിച്ചം വീശുന്നതായിരുന്നു.
1960ല് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ബ്രെത്ത്ലസ് ലോകസിനിമയെത്തന്നെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ ഈ ചിത്രത്തിലൂടെ പൊളിച്ചെറിഞ്ഞ ഗൊദാര്ദ് ലോകസിനിമയ്ക്ക് ഒരു നവഭാവന നല്കുകയായിരുന്നു
പിന്നീട് ദി ലിറ്റില് സോള്ജിയര്, വീക്കെന്ഡ്, മൈ ലൈഫ് ടു ലീവ്, ആല്ഫാവില്, കണ്ടെപ്റ്റ്, ഹെയില് മേരി തുടങ്ങി നിരവധി ചിത്രങ്ങള് ഗൊദാര്ദിന്റേതായി പുറത്തെത്തി.
2014ല് പുറത്തിറങ്ങിയ ഗുഡ് ബൈ ടു ലാങ്വേജ് എന്ന ത്രീഡി ചിത്രത്തിലൂടെ കാലത്തിന്റെ മാറ്റത്തെ ഉള്ക്കൊള്ളാനും ഗൊദാര്ദിനായി.
2018ല് പുറത്തിറങ്ങിയ ‘ദി ഇമേജ് ബുക്ക് ‘ ആയിരുന്നു അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ലോകസിനിമയില് തന്നെ ഗൊദാര്ദിനൊപ്പം സ്വാധീനം ചെലുത്തിയ സംവിധായകര് കുറവാണ്.