പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ക്വാർട്ടർ പോരാട്ടങ്ങളിൽ വന്പൻ അട്ടിമറികൾ. ഏറ്റവും വലിയ അട്ടിമറി നടന്നത് വനിതാ വിഭാഗം സിംഗിൾസിൽ. നിലവിലെ വനിതാ ചാന്പ്യനായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാർട്ടറിൽ പുറത്തായി.
എട്ടാം സീഡായ ഷ്യാങ്ടെകിനെ 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കരിയാണ് ക്വാർട്ടറിൽ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സക്കരിയുടെ ജയം. സ്കോർ: 6-4, 6-4. ഇരുപത്തഞ്ചുകാരിയായ സക്കരി ഒരു ഗ്രാൻസ്ലാം സെമിയിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്.
ചെക് താരമായ ബാർബൊറ ക്രെജെസികോവയും അട്ടിമറിയിലൂടെ സെമിയിൽ പ്രവേശിച്ചു. 24-ാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫിനെ 7-6 (8-6), 6-3ന് ക്വാർട്ടറിൽ ക്രെജെസികോവ തകർത്തു. ഇരുപത്തഞ്ചുകാരിയായ ചെക് താരത്തിന്റെ കന്നി ഗ്രാൻസ്ലാം സെമി പ്രവേശനമാണ്. സെമിയിൽ സക്കരിയാണ് ക്രെജെസികോവയുടെ എതിരാളി.
നദാൽ, സിറ്റ്സിപാസ് സെമിയിൽ
പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ കീഴടക്കി ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിൽ പ്രവേശിച്ചു.
കഴിഞ്ഞ വർഷവും സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പണ്‍ സെമിയിൽ ഇടംപിടിച്ചിരുന്നു. 6-3, 7-6 (7-3), 7-5നായിരുന്നു അഞ്ചാം സീഡായ സിറ്റ്സിപാസിന്റെ ക്വാർട്ടർ ജയം. സെമിയിൽ ആറാം സീഡായ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ആണ് സിറ്റ്സിപാസിന്റെ എതിരാളി.
പുരുഷ സിംഗിൾസ് നിലവിലെ ജേതാവായ സ്പെയിനിന്റെ റാഫേൽ നദാലിനു ജയം. ക്വാർട്ടറിൽ അർജന്റീനയുടെ ഡിയേഗൊ ഷ്വാർട്സ്മാനെ നാല് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ പോരാട്ടത്തിൽ കീഴടക്കിയാണ് നദാൽ സെമിയിൽ പ്രവേശിച്ചത്. സ്കോർ: 6-3, 4-6, 6-4, 6-0.