പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ലോക രണ്ടാം നന്പർ ജാനിക് സിന്നർ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു.
6-2, 6-4, 7-6(7-3)നാണ് സിന്നറുടെ ജയം. ജയത്തിനു തൊട്ടുപിന്നാലെ സിന്നർ ലോക പുരുഷ സിംഗിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് നിലവിലെ ചാന്പ്യൻ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനൽ കളിക്കാതെ പിന്മാറി. ഇതേത്തുടർന്ന് ജോക്കോവിച്ചിന് ഒന്നാം സ്ഥാനം നഷ്ടമായി.
ആദ്യ ഇറ്റലിക്കാരൻ
ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇറ്റാലിയനാണ് സിന്നർ. എടിപി റാങ്കിംഗ് പ്രാബല്യത്തിൽ വന്നിട്ട് 51 വർഷത്തിനിടെ ആദ്യമായാണ് ഇറ്റലിയിൽനിന്ന് ഒരാൾ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ആരു നേടിയാലും സിന്നർ ഒന്നാം സ്ഥാനം ഉറപ്പിക്കും. രണ്ടാം റാങ്ക് കാർലോസ് അൽകരാസാണ് സെമിയിൽ സിന്നറുടെ എതിരാളി. സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ചാണ് സ്പാനിഷ് താരം സെമിയിലെത്തിയത്, 6-3, 7-6 (7-3), 6-4.
റെബാകിന പുറത്ത്
വനിതാ സിംഗിൾസിൽ നാലാം റാങ്ക് താരം എലേന റെബാകിന ക്വാർട്ടറിൽ പുറത്തായി. ആദ്യമായി ഒരു ഗ്രാൻസ്ലാം ക്വാർട്ടർ കളിക്കുന്ന ഇറ്റലിയുടെ ജസ്മിൻ പവോലീനിയോട് 6-2, 4-6, 6-4ന് തോറ്റാണ് കസാഖ് താരം പുറത്തായത്. 15-ാം റാങ്ക് ഇറ്റാലിയൻ താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനൽ പ്രവേശനമാണ്.
ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ പുരുഷ, വനിതാ സെമി ഫൈനലുകളിൽ ഇറ്റാലിയൻ പ്രാതിനിധ്യം വരുന്നത്. സെമി പ്രവേശനത്തോടെ പവോലീനി വനിതാ റാങ്കിംഗിൽ ആദ്യമായി ആദ്യ പത്തിലെത്തും.
പരിക്കേറ്റ് ജോക്കോ
വലതുമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽനിന്ന് പിന്മാറി. ഇതോടെ കാസ്പർ റൂഡിന് സെമി ഫൈനലിലേക്ക് വാക്കോവർ ലഭിച്ചു. തുടർച്ചയായ രണ്ട് അഞ്ചു സെറ്റ് മത്സരങ്ങൾ കളിച്ചാണ് ജോക്കോവിച്ച് ക്വാർട്ടർ വരെയെത്തിയത്.
ഫ്രാൻസിസ്കോ സെറുണ്ടൊലോയ്ക്കെതിരേയുള്ള പ്രീക്വാർട്ടർ മത്സരത്തിനിടെയാണ് ജോക്കോവിച്ചിന്റെ പരിക്ക് വഷളായത്. നാലര മണിക്കൂർ നീണ്ട മത്സരത്തിൽ ജയിച്ചെങ്കിലും പലപ്പോഴും മെഡിക്കൽ സഹായം വേണ്ടിവന്നിരുന്നു. ഫ്രഞ്ച് ഓപ്പണിനെത്തും മുന്‍പ് ജോക്കോവിച്ചിന് മുട്ടിന് പ്രശ്നമുണ്ടായിരുന്നു.