പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവും അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപെട്രോയും ഇടം പിടിച്ചു. എട്ടാം സീഡായ ഡെൽപെട്രോ ചിലിയുടെ നിക്കോളാസ് ജാറെയെ 3-6, 6-2, 6-1, 6-4നു കീഴടക്കിയാണ് രണ്ടാം റൗണ്ടിൽ കടന്നത്.
അഞ്ചാം സീഡായ സ്വരേവ് അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിൽ ജയം കണ്ടെത്തി. ഓസ്ട്രേലിയയുടെ ജോണ്‍ മിൽമാനായിരുന്നു ജർമൻ താരത്തിന്റെ എതിരാളി. സ്കോർ: 7-6(7-4), 6-3, 2-6, 6-7(5-7), 6-3. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
സ്ലോവാക്യയുടെ അന്ന കരോളിന ഷ്മിഡ്ലോവയെ 0-6, 7-6(7-4), 6-1നാണ് ഒസാക്ക ആദ്യ റൗണ്ടിൽ മറികടന്നത്. അമേരിക്കയുടെ സെറീന വില്യംസും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. റഷ്യയുടെ വിറ്റാലിയ ഡിയാചെങ്കോയെ 2-6, 6-1, 6-0നു കീഴടക്കിയാണ് സെറീന രണ്ടാം റൗണ്ടിൽ ഇടംപിടിച്ചത്. ബെലാറസിന്റെ വിക്ടോറിയ അസെരെങ്ക ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയെ കീഴടക്കി രണ്ടാം റൗണ്ടിൽ കടന്നു.