പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവുമ്പോള്‍ ഏവരും ചോദിക്കുന്ന ചോദ്യം പതിവ് പോലെ തന്നെ റാഫേല്‍ നദാല്‍ കിരീടം കൈപ്പിടിയിലൊതുക്കുമോ എന്നതാണ്. അതോ സ്പാനിഷ് ഇതിഹാസതാരത്തെ സമീപ കാലത്ത് കളിമണ്‍ കോര്‍ട്ടില്‍ വീഴ്ത്തിയ താരങ്ങളിലാരെങ്കിലുമാവുമോ ഇത്തവണത്തെ ചാമ്പ്യന്‍ എന്ന ചോദ്യവും നിലനില്ക്കുന്നു.
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കളിക്കളത്തില്‍ തിരികെയെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്, ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവ് എന്നിവരും തികഞ്ഞ പ്രതീക്ഷയിലാണ്.
ഇതുകൂടാതെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന് വെല്ലുവിളിയുയര്‍ത്തുന്ന ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസ്, ഡീഗോ ഷ്വാര്ട്സ്മാന്, രണ്ടു തവണ (2018, 2019) റോളംഗ് ഗാരോവില്‍ നദാലിനോട് അടിയറവു പറഞ്ഞ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം എന്നിവരും കിരീടപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു.
ഇതുകൂടാതെ മോണ്ടികാര്‍ലോ മാസ്റ്റേഴ്സില്‍ നദാലിനെ പരാജയപ്പെടുത്തിയ റഷ്യന്‍ താരം ആേ്രന്ദ റൂബ്ലേവ്, മാഡ്രിഡില്‍ നദാലിനെ മറികടന്ന ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് എന്നിവരും നദാലിന് വെല്ലുവിളിയുയര്‍ത്താന്‍ പോന്നവരാണ്.
റോം മാസ്റ്റേഴ്സും ബാഴ്സലോണ ഓപ്പണും നേടി കളിമണ്‍ കോര്‍ട്ടില്‍ ഇത്തവണയും അത്ര മോശമാക്കിയില്ലെങ്കിലും നദാല്‍ ഇത്തവണ കപ്പടിക്കുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. കാരണം മുമ്പ് ക്ലേ കോര്‍ട്ടില്‍ പുലര്‍ത്തിയിരുന്ന അപ്രമാദിത്വം കാഴ്ച വയ്ക്കാന്‍ ജയിച്ച രണ്ടു ടൂര്‍ണമെന്റിലും താരത്തിനായില്ല.
ബാഴ്സലോണയില്‍ അനുഭവ സമ്പത്തിന്റെ ബലത്തില്‍ സിറ്റ്സിപ്പാസിനെ മറികടന്ന് കിരീടം ചൂടിയ നദാല്‍ റോം മാസ്റ്റേഴ്സിന്റെ ഫൈനലില്‍ നേരിട്ടതാവട്ടെ ക്ഷീണിതനായ ജോക്കോവിച്ചിനെയും. മഴ മൂലം സിറ്റ്സിപ്പാസിനെതിരായ ക്വാര്‍ട്ടര്‍ മത്സരം മാറ്റിവച്ചതിനാല്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു മത്സരങ്ങളിലായി അഞ്ചര മണിക്കൂറാണ് ജോക്കോവിച്ച് കളത്തില്‍ ചെലവഴിച്ചത്.
അതേ സമയം റിലീ ഒപ്പെല്ക്കയെ രണ്ടു മണിക്കൂറിനുള്ളില്‍ ചുരുട്ടിക്കെട്ടി നദാല്‍ ഫൈനലിലെത്തുകയും ചെയ്തു. ഫൈനലില്‍ തലേദിവസത്തെ ക്ഷീണത്തോടെ കളിച്ച ജോക്കോവിച്ചിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ നദാല്‍ മറികടക്കുകയും ചെയ്തു.
തലേ ദിവസം ജോക്കോവിച്ചിന് രണ്ടു മത്സരം കളിക്കേണ്ട അവസ്ഥയില്ലായിരുന്നുവെങ്കില് മത്സരഫലം ചിലപ്പോള്‍ മാറിയേനെ. ബെല്‍ഗ്രേഡ് ടു ഓപ്പണ്‍ നേടി മികച്ച ഫോമിലുള്ള സെര്‍ബിയന്‍ താരവും കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കുന്നില്ല.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ പോളണ്ടിന്റെ കൗമാരതാരം ഇഗ ഷ്വാന്ടെക്കിനു തന്നെയാണ് കൂടുതല്‍ സാധ്യത. ഇറ്റാലിയന്‍ ഓപ്പണ്‍ നേടിയ ഇഗ വലിയ ആത്മവിശ്വാസത്തിലാണ്. ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ചെക്ക് താരം കരോളിനാ പ്ലീഷ്കോവയെ ഒരു ഗെയിം പോലും നേടാനനുവദിക്കാതെയാണ് ഇഗ വിജയിച്ചത്. പ്രമുഖ ടൂര്‍ണമെന്റില്‍ ടെന്നീസ് ലോകം ഒരു ‘ഡബിള്‍ ബാഗല്’ കാണുന്നത് ഏറെ നാള്‍ക്കു ശേഷമായിരുന്നു.
ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടി, രണ്ടാം നമ്പര്‍ നവോമി ഒസാക, മുന്‍ ചാമ്പ്യന്‍ റൊമാനിയയുടെ സിമോണ ഹാലെപ്, കാനഡയുടെ ബിയാന ആന്ദ്രേസ്ക്യു, യുക്രെയിന്റെ എലീന സ്വിറ്റോലിന, അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസ് തുടങ്ങിയവരും കിരീട പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.
എന്തു തന്നെയായായാലും ഏവരും ഉറ്റു നോക്കുന്നത് കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാലിന്റെ പ്രകടനം തന്നെയാവും. നദാലിനോടുള്ള ആദരവായി റോളംഗ് ഗാരോവില്‍ കഴിഞ്ഞ ദിവസം സ്പാനിഷ് താരത്തിന്റെ സ്റ്റീല്‍ പ്രതിമ സ്ഥാപിച്ചിരുന്നു.